രക്ഷിതാക്കള്‍ കുഞ്ഞുങ്ങളെ ചേര്‍ത്ത് പിടിച്ച് കുടുംബ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കണം; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
രക്ഷിതാക്കള്‍ കുഞ്ഞുങ്ങളെ ചേര്‍ത്ത് പിടിച്ച് കുടുംബ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാന ബാലാവകാശ കമ്മീഷനും ജില്ലാ കുടുംബശ്രീ മിഷനും സംയുക്തമായി സംഘടിപ്പിച്ച ബാലസൗഹൃദ രക്ഷാകര്‍തൃത്വം ഏകദിന പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. മൊബൈല്‍ ഫോണിന്റെ അതിപ്രസരം കുടുംബ ബന്ധങ്ങളില്‍ വിള്ളല്‍ വരുത്തുന്നണ്ടെന്നും അത് കുഞ്ഞുങ്ങളെ സാരമായി ബാധിക്കുന്നുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. മൂന്നാം തരത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പോലും വിഷാദവും സമ്മര്‍ദ്ദവും ഉണ്ടാകുന്ന തരത്തില്‍ ഗുരുതരമാണ് ഈ വിഷയം. സമപ്രായക്കാരായ കുട്ടികള്‍ക്കൊപ്പം കളിച്ച് വളരേണ്ട കുഞ്ഞുങ്ങളെ മൊബൈല്‍ ഫോണ്‍ കൂട്ടിന് നല്‍കി വീട്ടകങ്ങളില്‍ ഒതുക്കി വളര്‍ത്തുന്ന രക്ഷിതാക്കളാണ് കൂടുതലും. അല്‍പം വളര്‍ന്നു കഴിഞ്ഞാല്‍ ട്യൂഷനും പഠന ഭാരവും അവര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നു. അവര്‍ക്ക് ആവശ്യമായ ഭക്ഷണവും വസ്ത്രവും വിദ്യാഭ്യാസവും നല്‍കുന്നതോടൊപ്പം വാല്‍സല്യവും കരുതലും നല്‍കണം. കുട്ടികളോട് സനേഹപൂര്‍വ്വം ഇടപെടുകയും തെറ്റുകള്‍ തിരുത്തി മുന്നോട്ട് നയിക്കേണ്ടതും രക്ഷിതാക്കളുടെ കടമയാണ്. കേരളത്തിലെ സ്ത്രീകളെ ശാക്തീകരിച്ച കുടുംബശ്രീ സംവിധാനത്തെ ബാലാവകാശ കമ്മീഷന്റെ ക്യാമ്പയിനിനായി തെരഞ്ഞെടുത്തത് ഏറ്റവും ഉചിതമായ തീരുമാനമാണെന്നും അവര്‍ പറഞ്ഞു.
അണുകുടുംബങ്ങളിലേക്ക് നമ്മുടെ കുടുംബാന്തരീക്ഷം ചുരുങ്ങി പോവുകയും ഭാര്യയും ഭര്‍ത്താവും ജോലി ചെയ്ത് ഉപജീവനം നടത്തുകയും ചെയ്യുമ്പോള്‍ കുട്ടികളെ വേണ്ടവിധം പരിഗണിക്കുന്നുണ്ടോ എന്ന് ഓരോരുത്തരും സ്വയം വിലയിരുത്തണമെന്ന് കാസര്‍കോടിന്റെ ചുമതലയുള്ള ബാലാവകാശ കമ്മീഷന്‍ അംഗം ബി. മോഹന്‍കുമാര്‍ പറഞ്ഞു. കുഞ്ഞുങ്ങളെ നേര്‍വഴിക്ക് നടത്താന്‍ പാകത്തിന് മികച്ച കുടുംബാന്തരീക്ഷം മാറേണ്ടതുണ്ട്. ഏറ്റവും മികച്ച ഗുരുനാഥന്‍മാര്‍ രക്ഷിതാക്കളാണെന്നും ഗ്രാമ നഗരങ്ങളിലെ വീടുകളിലെ രക്ഷിതാക്കളിലേക്ക് ഈ സന്ദേശമെത്തിക്കേണ്ടത് കുടുംബശ്രീ പ്രവര്‍ത്തകരാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ടി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ഷൈനി സംസാരിച്ചു. ചടങ്ങില്‍ കുടുംബശ്രീ ഡി.പി.എം എം. രേഷ്മ സ്വാഗതവും കുടുംബശ്രീ ഡി.പി.എം കെ.വി ലിജിന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഉത്തരവാദിത്ത പൂര്‍ണമായ
രക്ഷാകര്‍തൃത്വം എന്ന വിഷയത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ആല്‍ബിന്‍ എല്‍ദോസ് , ബാലാവകാശം, ബാലാവകാശ നിയമങ്ങള്‍ എന്നീ വിഷയങ്ങളില്‍ ഡി.സി.പിയു പ്രൊട്ടക്ഷന്‍ ഓഫീസര്‍ കെ.ഷുഹൈബ് എന്നിവര്‍ ക്ലാസെടുത്തു.
സുരക്ഷിത ബാല്യം സുന്ദര ഭവനം; വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പദ്ധതി നടപ്പിലാക്കും
ബാലസൗഹൃദ കേരളം യാഥാര്‍ത്ഥ്യമാക്കുക, ബാലാവകാശ സാക്ഷരത ഉറപ്പു വരുത്തുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തില്‍ കേരളത്തിലുടനീളം നടത്തി വരുന്ന വലിയ പ്രചാര പദ്ധതിയാണ് ബാലസൗഹൃദ കേരളം. കുടുംബങ്ങളില്‍ കുട്ടികളുടെ സുരക്ഷയും വികാസവും ഉറപ്പുവരുത്തുന്നതിനായി കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തില്‍ ‘സുരക്ഷിത ബാല്യം സുന്ദര ഭവനം’ എന്ന പദ്ധതിയ്ക്ക് തുടക്കം കുറിക്കുകയാണ്. സാമൂഹിക വികസനവും മെച്ചപ്പെട്ട ജീവിത നിലവാരവും പ്രോത്സാഹിപ്പിക്കുവാന്‍ കുട്ടികളുടെ എല്ലാവിധ അവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്ന് മനുഷ്യാവകാശ സംബന്ധിച്ച ഐക്യരാഷ്ട്രസഭയുടെയും മറ്റ് അന്താരാഷ്ട്ര സമ്മേളനങ്ങളുടെയും സാര്‍വ്വദേശീയ പ്രഖ്യാപനങ്ങള്‍ നിഷ്‌കര്‍ഷിക്കുന്നു. സ്വന്തം കുടുംബങ്ങളില്‍ പോലും കുട്ടികള്‍ സുരക്ഷിതരല്ലാത്ത പശ്ചാത്തലം കേരള ത്തില്‍ ഉരുത്തിരിഞ്ഞ് വരുന്നതായി വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. കുട്ടികള്‍ക്ക് ഭയരഹിതവുംനിഷ്‌കളങ്കവുമായി ജീവിക്കുവാന്‍ കഴിയുന്ന അവസ്ഥ ഒരുക്കിക്കൊടുക്കേണ്ട ഉത്തരവാദിത്തം സമൂഹത്തിലെ ഓരോ വ്യക്തിക്കുമുണ്ട്.
മാതാപിതാക്കളില്‍ നിന്നോ രക്ഷിതാക്കളില്‍ നിന്നോ ഉണ്ടാകുന്ന അതിക്രമങ്ങള്‍, ലൈംഗികവും അല്ലാത്തതുമായ ചൂഷണങ്ങള്‍, അവഗണനകള്‍ എന്നിവയില്‍ നിന്നും കുട്ടികള്‍ക്കുള്ള സംരക്ഷണം ഭരണകൂടം ഉറപ്പ് വരുത്തണം. ബാലനീതി ആക്ട് പ്രകാരം കുട്ടിയുടെ പരിപാലനത്തിനും പരിപോഷണത്തിനും സംരക്ഷണത്തിനുമുള്ള പ്രാഥമിക ഉത്തരവാദിത്തം കുടുംബങ്ങള്‍ക്കുണ്ട്.
ബാലസൗഹൃദ രക്ഷാകര്‍തൃത്വം പ്രാവര്‍ത്തികമാക്കുവാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ്, വനിതാ-ശിശു വികസന വകുപ്പ്, കുടുംബശ്രീ മിഷന്‍ എന്നിവയുടെ സംയോജിത പ്രവര്‍ത്തനത്തിലൂടെ സാധ്യമാക്കുവാനാണ് ലക്ഷ്യം വെയ്ക്കുന്നത്. കൂടാതെ കുട്ടി കള്‍ക്ക് നേരെയുള്ള ശാരീരിക, മാനസിക, ലൈംഗീകൃത അതിക്രമങ്ങള്‍, ചൂഷണങ്ങള്‍ എന്നിവ തടയുന്നതിനും കുട്ടികള്‍ക്കിടയിലെ ആത്മഹത്യ പ്രവണത ഇല്ലാതാക്കുന്നതിനും, കുട്ടികള്‍ക്കിടയിലെ ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം തടയുന്നതിനും, കുട്ടി കള്‍ക്ക് സൈബര്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമുള്ള നല്‍കുന്നതിനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
ഒരുകോടിയിലധികം വരുന്ന കേരളത്തിലെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതോടൊപ്പം കുടുംബാന്തീരക്ഷങ്ങള്‍ ബാലസൗഹൃദ ഇടങ്ങളാക്കുന്നിനും കുടുംബശ്രീയുടെ സഹകരണത്തോടുകൂടി സമൂഹത്തിന്റെ പ്രാഥമിക ഘടനയായ കുടുംബങ്ങളിലേയ്ക്ക് എത്തിക്കും. ഇതിന്റെ ഭാഗമായി കാസര്‍കോട് ജില്ലയിലെ കുടുംബശ്രീ റിസോഴ്സ് പേഴ്‌സണ്‍മാരെ ഉള്‍പ്പെടുത്തിയാണ് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചത്.