ഇന്നത്തെ തലമുറയ്ക്ക് സ്‌ക്രീനില്‍ നോക്കി സമയം കൊല്ലുന്ന ശീലം ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണ്. ചുറ്റുമുള്ള ലോകത്തെ കാണാന്‍ ശ്രമിക്കാതെ ഈ സ്‌ക്രീനിനുള്ളില്‍ നോക്കി ഏതെങ്കിലും കോണിലിരിക്കാന്‍ ശ്രമിക്കുന്ന ചെറുപ്പക്കാരോട് ആരോഗ്യവിദഗ്ധര്‍ ചില കാര്യങ്ങള്‍ ഓര്‍മിപ്പിക്കുകയാണ്. സുഹൃത്തുക്കളുമായുള്ള ബന്ധങ്ങള്‍ സൂക്ഷിക്കാനും, വിനോദത്തിനും, ജോലി സംബന്ധമായുമെല്ലാം നിങ്ങളിങ്ങനെ സ്‌ക്രീനിന് മുന്നില്‍ ഭൂരിഭാഗം സമയവും ഉപയോഗിക്കുമ്പോള്‍ ഇതിന് പിന്നില്‍ ശ്രദ്ധിക്കാതെ പോകുന്ന ചില കാര്യങ്ങളുമുണ്ട്.
ഫോണുകള്‍, ടാബ്ലെറ്റുകള്‍, ഗെയിമിങ് മോണിറ്ററുകള്‍ തുടങ്ങിയവയില്‍ നിന്നുള്ള വെളിച്ചം നിങ്ങളുടെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നുണ്ട്. ഒരുകാലത്ത് നീണ്ട മണിക്കൂറുകള്‍ ഓഫീസുകളില്‍ ചിലവഴിക്കുന്നവരില്‍ മാത്രം കണ്ടുവന്ന കണ്ണുകള്‍ക്കുണ്ടാവുന്ന സമ്മര്‍ദം ഇന്ന് യുവാക്കളിലും അനുഭവപ്പെടുന്നുണ്ട്. ശരീരം അനങ്ങാതെ ഒരിടത്ത് തന്നെ ഇരുന്നു ദിവസങ്ങള്‍ തള്ളിനീക്കുന്ന ശീലം, ശരിയായി ഉറങ്ങാത്ത അവസ്ഥ, തെറ്റിക്കിടക്കുന്ന ഭക്ഷണക്രമം എന്നിവ കൂടാതെ സര്‍വസമയവും ഡിജിറ്റല്‍ ഉപകരണവുമായുള്ള സമ്പര്‍ക്കം എന്നിവ ജീവിശൈലി രോഗങ്ങളിലേക്കാണ് യുവതയെ നയിക്കുന്നത്. ഇതില്‍ പ്രമേഹവും ഉള്‍പ്പെടും.
സ്‌ക്രീനില്‍ അഡിക്റ്റാവുന്നത് വലിയ പ്രശ്നങ്ങളൊന്നുമില്ലാത്ത ശീലമാണെന്ന് കരുതിയ സാഹചര്യത്തില്‍ നിന്ന് ഇപ്പോള്‍ ശരീരത്തെ ആകമാനം ബാധിക്കുന്ന ഒന്നാണെന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്. സ്‌ക്രീന്‍ നോക്കിയിരിക്കുന്ന സമയം വര്‍ധിച്ചതോടെ കണ്ണില്‍ വരള്‍ച്ച, കാഴ്ച മങ്ങല്‍, തലവേദന എന്നിവ ടീനേജുകാര്‍ക്കും യുവാക്കള്‍ക്കും ഇടയില്‍ സാധാരണമായി മാറിയിരിക്കുകയാണ്. ഒരിക്കല്‍ കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം എന്ന് വിളിച്ചിരുന്ന ഈ അസുഖം ഇപ്പോള്‍ വിദ്യാര്‍ഥികള്‍, ഗെയിമര്‍മാര്‍, കണ്ടന്റ് ക്രിയേറ്റേഴ്സ് എന്നിവര്‍ക്കെല്ലാം വലിയ ആശങ്കയാണ് ഉണ്ടാക്കുന്നതെന്ന് ബെംഗളുരു ആസ്റ്റര്‍ വൈറ്റ്ഫീല്‍ഡ് ഹോസ്പിറ്റലിലെ എന്റോക്രിനാളജി ആന്‍ഡ് ഡയബറ്റോളജി ലീഡ് കണ്‍സള്‍ട്ടന്റ് ഡോ നരേന്ദ്ര ബിഎസ് പറയുന്നു.
കണ്ണിലുണ്ടാവുന്ന അസ്വസ്ഥതകള്‍ കൂടാതെ ഈ ശീലം മൂലം ഉറക്കം കുറയും, കണ്ണുചിമ്മുന്നത് കുറയും കണ്ണിനെ ഇത് പലതരത്തില്‍ ബാധിക്കും. മതിയായി വെള്ളം കുടിക്കാത്തതും അനാരോഗ്യകരമായ ലൈറ്റിങ് സെറ്റിങ്ങുകളും ഈ സാഹചര്യത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണെന്ന് യശ്വന്ത്പൂരിലെ മണിപ്പല്‍ ഹോസ്പിറ്റല്‍ കണ്‍സള്‍ട്ടന്റ് ഓഫ്താല്‍മോളജിസ്റ്റ് ഡോ സംഗീത റാവു പറയുന്നു.
സ്‌ക്രീനില്‍ നോക്കിയിരിക്കുന്ന ശീലം നേരിട്ട് പ്രമേഹം ഉണ്ടാക്കുന്നില്ലെങ്കിലും ഇത്തരം ശൈലികള്‍ അതിന് കാരണമായി തീരും. ദീര്‍ഘനേരം സ്‌ക്രീനില്‍ നോക്കിയിരിക്കുന്നത്, തെറ്റായ ഭക്ഷണരീതി, ശാരീരികമായ മറ്റ് വ്യായാമങ്ങളൊന്നും ഇല്ലാതിരിക്കുന്നത്, അമിതവണ്ണമെല്ലാം യുവാക്കളെ പ്രമേഹ സാധ്യതയുള്ളവരാക്കി തീര്‍ക്കും. മണിക്കൂറുകളോളമുള്ള ഇരിപ്പ്, പ്രോസസ്ഡ് ഫുഡ് കഴിക്കുന്ന ശീലം, ക്രമം തെറ്റിയ ഉറക്കം എന്നിവയെല്ലാം ഡിജിറ്റല്‍ ലൈഫ് സ്‌റ്റൈലിന്റെ സൈഡ് ഇഫക്റ്റുകളാണ്. ഇത് ഇന്‍സുലിന്‍ റെസിസ്റ്റന്‍സിന് കാലക്രമേണ കാരണമാകുമെന്ന് ഡോ നരേന്ദ്ര പറയുന്നു.
അമിതമായി സ്‌ക്രീന്‍ നോക്കിയിരിക്കുന്ന ശീലവും, ഒരിടത്ത് തന്നെ അനങ്ങാതെ ഇരിക്കുന്നതും ഉറക്കശീലത്തിലുണ്ടാകുന്ന മാറ്റവും അനാരോഗ്യകരമായ ഭക്ഷണക്രമവും ടൈപ്പ് 2 പ്രമേഹത്തിലേക്കാകും നയിക്കുകയെന്ന് ശങ്കര ഐ ഹോസ്പിറ്റല്‍ ജനറല്‍ ഓഫ്കാല്‍മോളജി കണ്‍സള്‍ട്ടന്റ് ഡോ സുരഭി കന്‍ദേവാള്‍ പറയുന്നു. സ്‌ക്രീനില്‍ നോക്കിയിരിക്കുന്ന ശീലത്തിനൊപ്പം നിയന്ത്രിതമല്ലാത്ത പ്രമേഹവും കൂടിയാവുമ്പോള്‍ അത് ഡയബറ്റിക്ക് റെറ്റിനോപ്പതി മൂലം കണ്ണിനുണ്ടാക്കുന്ന ആഘാത ചില്ലറയാവില്ലെന്നും ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കുന്നു.




