ടെസ്റ്റ് ക്രിക്കറ്റില്‍ അപൂര്‍വ റെക്കോര്‍ഡിട്ട് ഇന്ത്യന്‍ താരം റിഷഭ് പന്ത്. ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യ ഇന്നിങ്‌സില്‍ സിക്‌സര്‍ നേടിയ താരം ഇന്ത്യന്‍ താരങ്ങളുടെ ടെസ്റ്റ് സിക്‌സര്‍ നേട്ടത്തില്‍ ഒന്നാമതായി.
കേശവ് മഹാരാജിന്റെ പന്ത് ഗ്യാലറിയിലേക്ക് പായിപ്പിച്ച പന്ത് ഇതുവരെ ടെസ്റ്റില്‍ 91 സിക്‌സറുകളാണ് നേടിയത്. ഇതുവരെ 90 സിക്‌സറുമായി വീരേന്ദര്‍ സെവാഗ് ആയിരുന്നു ലിസ്റ്റില്‍ ഒന്നാമത്. രോഹിത് ശര്‍മ (88), രവീന്ദ്ര ജഡേജ (80), എം.എസ്. ധോണി (78) എന്നിവരാണ് പിന്നീടുള്ള താരങ്ങള്‍.
മത്സരത്തില്‍ ലഞ്ചിന് പിരിയുമ്പോള്‍ 45 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സാണ് ഇന്ത്യ നേടിയിട്ടുള്ളത്. 11 റണ്‍സുമായി രവീന്ദ്ര ജഡേജയും അഞ്ചു റണ്‍സുമായി ധ്രുവ് ജുറലുമാണ് ക്രീസില്‍. കെ എല്‍ രാഹുല്‍ (39), വാഷിംഗ്ടണ്‍ സുന്ദര്‍ (29), റിഷഭ് പന്ത്(27 ), ജയ്സ്വാള്‍ (12 ) എന്നിവരാണ് പുറത്തായത്. നാല് റണ്‍സ് നേടിയിരുന്ന ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ റിട്ടയര്‍ ഹര്‍ട്ടായി.
മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ ഇന്ത്യ 159 റണ്‍സിന് പുറത്താക്കുകയായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് ഒന്നാം ഇന്നിങ്സില്‍ ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടത്. മുഹമ്മദ് സിറാജും കുല്‍ദീപ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 48 പന്തില്‍ 31 റണ്‍സെടുത്ത ഓപ്പണര്‍ ഐഡന്‍ മാര്‍ക്രമാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍.




