യുഎസ് എഫ്-15 ഇ വെടിവെച്ചിട്ടു; പൈലറ്റ് ഇറാന്റെ പിടിയിലെന്ന് റിപ്പോര്‍ട്ട്

യുഎസ് എഫ്-15 ഇ വെടിവെച്ചിട്ടു; പൈലറ്റ് ഇറാന്റെ പിടിയിലെന്ന് റിപ്പോര്‍ട്ട്

തെഹ്റാന്‍: അമേരിക്കന്‍ ഫൈറ്റര്‍ ജെറ്റ് വിമാനം യുഎസ്എഫ്- 15ഇയുടെ പൈലറ്റ് ഇറാന്റെ പിടിയിലായെന്ന് ഇറാനിയന്‍ ന്യൂസ് ഏജന്‍സിയായ തസ്നിം. ദക്ഷിണ ഇറാനില്‍ വെച്ചാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് വിമാനം വെടിവെച്ച് വീഴ്ത്തിയത്. വിമാനത്തില്‍ നിന്നും ഇജക്ട് ചെയ്ത പൈലറ്റ് ഇറാനില്‍ തന്നെ ലാന്‍ഡ് ചെയ്യുകയായിരുന്നു. പൈലറ്റ് ജീവിച്ചിരിപ്പുണ്ടെന്ന വിശ്വാസത്തില്‍ യുഎസ് സേന അദ്ദേഹത്തെ ഇറാന്റെ അതിര്‍ത്തി പ്രദേശത്ത് നിന്ന് പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന സൂചനകളും ലഭിച്ചിട്ടുണ്ടെന്ന് തസ്നിം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഐആര്‍ജിസിയുടെ എയ്റോസ്പേസ് ഫോഴ്സിന്റെ അത്യാധുനിക പ്രതിരോധ സംവിധാനം ഉപയോഗിച്ച് രണ്ടാമത്ത എഫ് -35 നശിപ്പിച്ചു എന്നാണ് ഇറാനിയന്‍ സേന അറിയിച്ചിരിക്കുന്നത്. ലേക്കന്‍ഹീത്ത് സ്‌ക്വാഡ്രണില്‍ ഉള്‍പ്പെട്ടിട്ടുള്ള യുദ്ധവിമാനമാണ് തകര്‍ന്നതെന്നും ഐആര്‍ജിസി പറയുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് 19നും ഒരു എഫ് -35 ജെറ്റ് തകര്‍ത്തതായി ഇറാനിയന്‍ സേന അവകാശപ്പെട്ടിരുന്നു. വെള്ളിയാഴ്ച വെടിവെച്ചിട്ട യുദ്ധവിമാനം പൂര്‍ണമായും നശിച്ചെന്നും പൈലറ്റ് രക്ഷപ്പെട്ടിട്ടില്ലെന്നുമാണ് ഐആര്‍ജിസി പറയുന്നത്.

എന്നാല്‍ ഇറാന്‍ ഭരണകൂടവുമായി ബന്ധപ്പെട്ട ഒരു ചാനല്‍ പൗരന്മാരോട് യുഎസ് പൈലറ്റിനെ കണ്ടെത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം സെന്‍ട്രല്‍ കമാന്‍ഡോ പെന്റഗണോ വൈറ്റ് ഹൗസോ യുദ്ധവിമാനം തകര്‍ന്നതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല. ഇറാനിയന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് യുഎസ് മാധ്യമമായ ആക്സിയോസ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിമാനത്തിലുണ്ടായിരുന്ന രണ്ട് ക്രൂ അംഗങ്ങളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നുമാണ് ഈ റിപ്പോര്‍ട്ടിലുള്ളത്.

Scroll to Top