ദില്ലി : ഡോക്ടര്‍ വന്ദന ദാസ് കൊലപാതകക്കേസില്‍ പ്രതി സന്ദീപിന്റെ മാനസികനില പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചെന്ന് സംസ്ഥാനം. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചെന്നും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയം നീട്ടി നല്‍കണമെന്നും സംസ്ഥാനത്തിനായി മുതിര്‍ന്ന അഭിഭാഷകന്‍ പിവി സുരേന്ദ്രനാഥ്, ഹര്‍ഷദ് വി ഹമീദ് എന്നിവര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ മാനസികനില സംബന്ധിച്ച് റിപ്പോര്‍ട്ട് മൂന്നാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കാന്‍ ജസ്റ്റിസ് അഭയ് എസ് ഓകാ അധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചു.
ഹര്‍ജിയില്‍ തീര്‍പ്പാക്കുന്നത് വരെ തല്‍കാലം കേസിലെ വിചാരണനടപടികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് സംസ്ഥാനം കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തില്‍ ഇടക്കാല ജാമ്യത്തിനുള്ള സന്ദീപിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. സന്ദീപ് സമര്‍പ്പിച്ച ഹര്‍ജിയുടെ പകര്‍പ്പ് സംസ്ഥാനത്തിന് കൈമാറുന്നില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പകര്‍പ്പ് എത്രയും വേഗം കൈമാറാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. കേസ് ഡിസംബര്‍ 13ന് വീണ്ടും പരിഗണിക്കും. പ്രതി സന്ദീപിനായി അഭിഭാഷകരായ സച്ചിന്‍ പൊഹ്വാ, ആര്‍ പി ഗോയല്‍, ആര്‍. വി. ഗ്രാലന്‍ എന്നിവര്‍ ഹാജരായി. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായിരുന്ന ഡോ വന്ദന ദാസിനെ ആശുപത്രിയില്‍വെച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.