Thursday, November 14, 2024
Home Kerala വോട്ടെടുപ്പ് സമയം അവസാനിച്ചു; ചേലക്കരയില്‍ റെക്കോഡ് പോളിങ്, വയനാട്ടില്‍ പോളിങ് കുത്തനെ ഇടിഞ്ഞു

വോട്ടെടുപ്പ് സമയം അവസാനിച്ചു; ചേലക്കരയില്‍ റെക്കോഡ് പോളിങ്, വയനാട്ടില്‍ പോളിങ് കുത്തനെ ഇടിഞ്ഞു

by KCN CHANNEL
0 comment


വയനാട്ടില്‍ ഇത്തവണ പോളിങ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോള്‍ ചേലക്കരയില്‍ മികച്ച പോളിങ് ആണ് രേഖപ്പെടുത്തിയത്. വൈകിട്ട് 6.40വരെയുള്ള കണക്കുകള്‍ പ്രകാരം ചേലക്കരയില്‍ 72.42 ശതമാനവും വയനാട്ടില്‍ 64.53ശതമാനവുമാണ് പോളിങ്.

തൃശൂര്‍/വയനാട്: വയനാട് ലോക്‌സഭ മണ്ഡലത്തിലെയും തൃശൂരിലെ ചേലക്കര നിയമസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് സമയം അവസാനിച്ചു. ഇരു മണ്ഡലങ്ങളിലും വോട്ടര്‍മാര്‍ വിധിയെഴുതി. വയനാട്ടില്‍ ഇത്തവണ പോളിങ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോള്‍ ചേലക്കരയില്‍ മികച്ച പോളിങ് ആണ് രേഖപ്പെടുത്തിയത്. ചേലക്കരയിലെ ബൂത്തുകളില്‍ പലയിടത്തും പോളിങ് സമയം കഴിഞ്ഞശേഷവും വോട്ടര്‍മാരുടെ നീണ്ട ക്യൂവാണുള്ളത്.

ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് ടോക്കണ്‍ നല്‍കിയിട്ടുണ്ട്. സമയം കഴിഞ്ഞുവന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമുണ്ടാകില്ല. വയനാട്ടില്‍ രാവിലെ മുതലുണ്ടായിരുന്ന പോളിങിലെ കുറവ് വൈകിട്ടും തുടര്‍ന്നു. പോളിങ് സമയം വൈകിട്ട് ആറിന് പൂര്‍ത്തിയായപ്പോഴും വയനാട്ടിലെ ബൂത്തുകളില്‍ കാര്യമായ തിരക്കുണ്ടായിരുന്നില്ല. വൈകിട്ട് 6.40വരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ കണക്കനുസരിച്ച് വയനാട്ടില്‍ 64.53ശതമാനമാണ് പോളിങ്.

ചേലക്കരയില്‍ വൈകിട്ട് 6.40 വരെയുള്ള കണക്ക് പ്രകാരം 72.42 ശതമാനമാണ് പോളിങ്.ചേലക്കരയിലെ പോളിങ് ശതമാനത്തില്‍ റെക്കോഡ് വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണം വലിയ രീതിയില്‍ ഉയര്‍ന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണം മറികടന്നാണ് പുതിയ റെക്കോഡ് കുറിച്ചത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പോള് ചെയ്യപ്പെട്ടത് 1,53,673 വോട്ടുകളാണ്. എന്നാല്‍, ഇന്ന് വൈകിട്ട് ആറരവരെയുള്ള കണക്ക് പ്രകാരം 1,54,356 വോട്ടുകളാണ് ചേലക്കരയില്‍ ഇത്തവണ പോള്‍ ചെയ്തത്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉണ്ടായതിനേക്കാള്‍ മികച്ച പോളിംഗ് ശതമാനം ചേലക്കരയിലുണ്ടായതില്‍ തികഞ്ഞ വിജയ പ്രതീക്ഷയിലാണ് മുന്നണികള്‍. വയനാട്ടില്‍ വോട്ടെടുപ്പിനിടെ വൈകിട്ട് അഞ്ചരയ്ക്ക് പോളിങ് ബൂത്തിലെ വിവിപാറ്റ് യന്ത്രം തകരാറിലായെങ്കിലും പ്രശ്‌നം പരിഹരിച്ച് വോട്ടിങ് തുടര്‍ന്നു. സുല്‍ത്താന്‍ ബത്തേരി വാകേരി എച്ച്എസിലെ വിവിപാറ്റ് യന്ത്രമാണ് തകരാറിലായത്.

വയനാട്ടില്‍ പോളിംഗ് ശതമാനം കുറഞ്ഞത് യുഡിഎഫിന്റെ ഭൂരിപക്ഷത്തെ ബാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. 2019 ല്‍ രാഹുല്‍ നേടിയതിനേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷം നേടും. യുഡിഎഫ് കേന്ദ്രങ്ങളില്‍ പോളിംഗ് ശതമാനം കുറഞ്ഞിട്ടില്ലെന്നും എന്‍ഡിഎ, എല്‍ഡിഎഫ് കേന്ദ്രങളില്‍ വോട്ടിംഗ് ശതമാനം കുറഞ്ഞിരിക്കാമെന്നും വിഡി സതീശന്‍ പറഞ്ഞു.

You may also like

Leave a Comment