Thursday, November 21, 2024
Home Kerala പമ്പ മുതല്‍ സന്നിധാനം വരെ 68 ലക്ഷം ലിറ്റര്‍ ജലം സംഭരിക്കും, ശബരിമല തീര്‍ഥാടനത്തിന് പൂര്‍ണസജ്ജമെന്ന് വാട്ടര്‍ അതോറിറ്റി

പമ്പ മുതല്‍ സന്നിധാനം വരെ 68 ലക്ഷം ലിറ്റര്‍ ജലം സംഭരിക്കും, ശബരിമല തീര്‍ഥാടനത്തിന് പൂര്‍ണസജ്ജമെന്ന് വാട്ടര്‍ അതോറിറ്റി

by KCN CHANNEL
0 comment

തിരുവനന്തപുരം: ശബരിമല മണ്ഡല – മകരവിളക്ക് തീര്‍ഥാടന കാലത്ത് കുടിവെള്ള വിതരണം സുഗമമാക്കുന്നതിന് എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയെന്ന് കേരള വാട്ടര്‍ അതോറിറ്റി. തീര്‍ഥാടകര്‍ക്കായി പമ്പ മുതല്‍ സന്നിധാനം വരെ എട്ടു സംഭരണികളിലായി ഏകദേശം 68 ലക്ഷം ലിറ്റര്‍ ജലം സംഭരിക്കും. താല്‍ക്കാലിക ടാപ്പുകളും സ്ഥാപിച്ചിട്ടുണ്ടെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.

ശബരിമലയില്‍ റിവേഴ്സ് ഓസ്‌മോസിസ് (ആര്‍ഒ) പ്ലാന്റുകള്‍ വഴി ജലം ശുദ്ധീകരിച്ച് മണിക്കൂറില്‍ 35000 ലിറ്റര്‍ ശുദ്ധജലം വിതരണം ചെയ്യുമെന്നാണ് അറിയിപ്പ്. ആര്‍ഒ പ്ലാന്റുകളില്‍ നിന്നു പൈപ്പുകള്‍ സ്ഥാപിച്ച് 103 കിയോസ്‌കുകളിലായി 270 ടാപ്പുകള്‍ വഴിയാണ് തീര്‍ത്ഥാടകര്‍ക്ക് കുടിവെള്ളം വിതരണം ചെയ്യുക. ആവശ്യാനുസരണം കൂടുതല്‍ കിയോസ്‌കുകള്‍ സ്ഥാപിക്കുമെന്നും വാട്ടര്‍ അതോറിറ്റി അറിയിച്ചു.

പമ്പ – ശബരിമല ശുദ്ധജല വിതരണ പദ്ധതിയുടെ എല്ലാ ഘടകങ്ങളും പ്രവര്‍ത്തന സജ്ജമാണെങ്കിലും തീര്‍ഥാടനകാലത്ത് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടുണ്ടെന്നും വാട്ടര്‍ അതോറിറ്റി വ്യക്തമാക്കി. പമ്പാ ത്രിവേണിയിലെ ഇന്‍ടേക്ക് പമ്പ് ഹൌസില്‍ നിന്ന് പ്രഷര്‍ ഫില്‍ട്ടര്‍ വഴി ശുദ്ധീകരിക്കുന്ന ജലം, പമ്പ ഭൂതല സംഭരണിയില്‍ ശേഖരിച്ച് ക്ലോറിനേഷന്‍ നടത്തി പമ്പാ മേഖലയിലും നീലിമല ബോട്ടം പമ്പ് ഹൗസിലും തുടര്‍ന്ന് നീലിമല ടോപ്പ് പമ്പ് ഹൗസ്, അപ്പാച്ചിമേട് പമ്പ് ഹൗസ് വഴി ശരംകുത്തി സംഭരണിയിലും സന്നിധാനം ദേവസ്വം സംഭരണികളിലേക്കും ശേഖരിച്ച് സന്നിധാനത്തും കാനന പാതയിലും ജലവിതരണം ക്രമീകരിച്ചിരിക്കുന്നു.

നിലയ്ക്കലില്‍ ജലവിതരണ പദ്ധതി നിലവിലില്ലാത്തതിനാല്‍, ദേവസ്വം ബോര്‍ഡിന്റെ ആവശ്യാനുസരണം പമ്പയില്‍ നിന്നും പെരുന്നാട്ടില്‍ നിന്നും ടാങ്കര്‍ ലോറിയില്‍ നിലയ്ക്കലില്‍ കുടിവെള്ളം എത്തിക്കുന്നുണ്ടെന്ന് ജലഅതോറിറ്റി അറിയിച്ചു. നിലയ്ക്കലില്‍ 65 ലക്ഷം ലിറ്റര്‍ ജലം സംഭരിക്കുന്നതിനായി ദേവസ്വം ബോര്‍ഡിന്റെ 40 ലക്ഷം ലിറ്റര്‍ ടാങ്കിന് പുറമെ, കേരള വാട്ടര്‍ അതോറിറ്റി 5 ലക്ഷത്തിന്റെ 3 സ്റ്റീല്‍ ടാങ്കുകളും 5000 ലിറ്ററിന്റെ 215 എച്ച്ഡിപിഇ ടാങ്കുകളും വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. പമ്പയില്‍ നിന്ന് ടാങ്കര്‍ ലോറിയില്‍ ദേവസ്വം ബോര്‍ഡിന്റെ ആവശ്യാനുസരണം കുടിവെള്ളമെത്തിച്ച് വിതരണം ചെയ്യുമെന്ന് വാട്ടര്‍ അതോറിറ്റി വിശദീകരിച്ചു.

ജലം ശുദ്ധീകരിക്കുന്നതിനുവേണ്ടി ത്രിവേണി ഇന്‍ടേക്ക് പമ്പ് ഹൗസിനോട് ചേര്‍ന്ന് പ്രഷര്‍ ഫില്‍ട്ടര്‍ സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ നിന്ന് ശുദ്ധീകരിച്ച ജലം മറ്റു പമ്പ് ഹൗസുകളിലെത്തിച്ച് ഇലക്ട്രോ ക്ലോറിനേഷന്‍ സംവിധാനം വഴി അണുനശീകരണം നടത്തുന്നു. ഈ ജലത്തെ വീണ്ടും റിവേഴ്സ് ഓസ്‌മോസിസ് പ്ലാന്റ് വഴി ശുദ്ധീകരിച്ച് കിയോസ്‌കുകളിലൂടെ വിതരണം നടത്തുന്നു. ഈ പ്ലാന്റുകളില്‍നിന്നുള്ള ജലം കേന്ദ്ര പൊതുജന ആരോഗ്യ പരിസ്ഥിതി എന്‍ജിനിയറിംഗ് ഓര്‍ഗനൈസേഷനും ലോകാരോഗ്യ സംഘടനയും നിഷ്‌കര്‍ഷിക്കുന്ന നിലവാരം പുലര്‍ത്തുന്നതാണെന്ന് ജല അതോറിറ്റി വ്യക്തമാക്കി.

You may also like

Leave a Comment