Thursday, November 21, 2024
Home Kerala കെകെ രത്‌നകുമാരി പുതിയ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

കെകെ രത്‌നകുമാരി പുതിയ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

by KCN CHANNEL
0 comment

കണ്ണൂര്‍: പി പി ദിവ്യ രാജിവച്ച ഒഴിവില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ കെകെ രത്മകുമാരി വിജയിച്ചു. നിലവിലെ ഭരണസമിതിയിലെ ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷയായ രത്‌നകുമാരി, യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസിലെ ജൂബിലി ചാക്കോയെയാണ് പരാജയപ്പെടുത്തിയത്. തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ പിപി ദിവ്യ എത്തിയില്ല. അതേസമയം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മാധ്യമങ്ങള്‍ക്ക് കണ്ണൂര്‍ ജില്ലാ കളക്ടര്‍ വിലക്കേര്‍പ്പെടുത്തി. ഫലപ്രഖ്യാപന സമയത്ത് മാത്രമാണ് മാധ്യമങ്ങളെ ജില്ലാ പഞ്ചായത്തിനകത്തേക്ക് പ്രവേശിപ്പിച്ചത്.

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മാധ്യമങ്ങള്‍ പ്രവേശിക്കരുതെന്ന് ജില്ലാ കളക്ടറാണ് നിര്‍ദേശം നല്‍കിയത്.ജില്ലാ പഞ്ചായത്തിന് പുറത്ത് പൊലീസിന്റെ കാവലും ഏര്‍പ്പെടുത്തിയിരുന്നു. മുന്‍കൂര്‍ അനുവാദമില്ലാതെ പഞ്ചായത്തിനുള്ളിലേക്ക് മാധ്യമങ്ങളെ കടത്തി വിടരുതെന്ന് ഉത്തരവുണ്ടെന്നായിരുന്നു പൊലീസ് വിശദീകരണം. ഒടുവില്‍ ഫലപ്രഖ്യാപന സമയത്തു മാത്രം ജില്ലാ പഞ്ചായത്തിനുള്ളില്‍ മാധ്യമങ്ങള്‍ക്ക് കയറാന്‍ അനുമതി ലഭിച്ചു. 24 അംഗ ഭരണസമിതിയില്‍ 16 വോട്ടുകള്‍ നേടിയാണ് കോണ്‍ഗ്രസിന്റെ ജൂബിലി ചാക്കോയെ പരാജയപ്പെടുത്തി സി പി എമ്മിന്റെ കെ കെ രത്‌നകുമാരി പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ചത്.

എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപെട്ട് കേസ് എടുത്തത്തോടെയാണ് ദിവ്യ രാജി വച്ചത്. രത്‌ന കുമാരിക്ക് ദിവ്യ ഫേസ് ബുക്കിലൂടെ അഭിനന്ദനങ്ങള്‍ അറിയിച്ചു. ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ വ്യത്യാസമില്ലാതെ ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും നിര്‍വഹണ ഉദ്യോഗസ്ഥരുടെയും കൂട്ടായ്മയും സൗഹാര്‍ദ്ദവുമാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ വിജയമെന്ന് പിപി ദിവ്യ ഫേസ്ബുക്കില്‍ കുറിച്ചു.

കണ്ണൂരിലെ ജനതയ്ക്കു അഭിമാനിക്കാന്‍ നാല് വര്‍ഷം കൊണ്ട് നേടിയ നേട്ടങ്ങള്‍ നിരവധിയാണെന്നും അവര്‍ പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തിനുള്ള ഒന്നാംസ്ഥാനം, സ്വരാജ് ട്രോഫി ഉള്‍പ്പെടെ നാല് സംസ്ഥാന അവാര്‍ഡുകള്‍. ഇങ്ങനെ ഓര്‍ത്തെടുക്കുമ്പോള്‍ അനേകം നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. അഴിക്കോടനും നായനാരും കെ. കരുണാകരനു മുള്‍പ്പെടുന്ന നിരവധി ജനനേതാക്കള്‍ക്ക് ജന്മം നല്‍കിയ കലയുടെ കൈത്തറിയുടെ തിറയുടെ നാടിനെ ഇനിയുമേറെ ഉയരത്തിലെത്തിക്കണമെന്നും ആശംസകള്‍ അറിയിച്ചുള്ള പോസ്റ്റില്‍ ദിവ്യ കുറിച്ചു.

You may also like

Leave a Comment