Thursday, November 21, 2024
Home Editors Choice എഡിഎം നവീന്‍ ബാബുവിന്റെ മരണം; പ്രത്യേക അന്വേഷണ സംഘം കുടുംബത്തിന്റെ മൊഴിയെടുത്തു

എഡിഎം നവീന്‍ ബാബുവിന്റെ മരണം; പ്രത്യേക അന്വേഷണ സംഘം കുടുംബത്തിന്റെ മൊഴിയെടുത്തു

by KCN CHANNEL
0 comment

പത്തനംതിട്ട: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂരില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു. ഉച്ചയോടെ പത്തനംതിട്ട മലയാലപ്പുഴയിലെ നവീന്‍ ബാബുവിന്റെ വീട്ടിലെത്തിയ അന്വേഷണ സംഘം കുടുംബാംഗങ്ങളുടെ മൊഴിയെടുത്തശേഷം തിരികെ മടങ്ങി. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെയും മറ്റു കുടുംബാംഗങ്ങളുടെയും മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി.

വിശദമായ മൊഴി രേഖപ്പെടുത്തിയശേഷമാണ് അന്വേഷണ സംഘം വീട്ടില്‍ നിന്നും മടങ്ങിയത്. മൊഴിയെടുത്തതിനുശേഷം കുടുംബാംഗങ്ങള്‍ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. കേസില്‍ പെട്രോള്‍ പമ്പ് ഉടമ പ്രശാന്തിന്റെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടും അന്വേഷണം കാര്യക്ഷമമല്ലെന്ന ആക്ഷേപം നവീന്‍ ബാബുവിന്റെ കുടുംബം കോടതിയില്‍ ഉന്നയിച്ചിരുന്നു. പി പി ദിവ്യ ഉന്നയിച്ച കൈക്കൂലി ആരോപണത്തിന് പിന്നിലെ ഗൂഢാലോചന ഉള്‍പ്പടെ സമഗ്രമായ അന്വേഷിക്കണമെന്നാണ് സഹോദരനടക്കമുള്ളവരുടെ ആവശ്യം.

അതേസമയം, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മാധ്യമങ്ങളെ വിലക്കി വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍. പി പി ദിവ്യ രാജിവച്ച ഒഴിവിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന ഹാളിലേക്കാണ് മാധ്യമങ്ങളെ കടത്തി വിടാതെ വിലക്കേര്‍പ്പെടുത്തിയത്. പഞ്ചായത്തിന് പുറത്ത് പൊലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു. മാധ്യമ പ്രവര്‍ത്തകരെ തടയാന്‍ നിര്‍ദേശമുണ്ടെന്നായിരുന്നു പൊലീസ് അറിയിച്ചത്. ഇന്ന് രാവിലെ 11 ക്കാണ് ജില്ലാ പഞ്ചായത്ത് ഹാളില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് നടന്നത്. എ ഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന പി പി ദിവ്യ രാജിവച്ചതിനെ തുടര്‍ന്നാണ് വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്. ജില്ലാ പഞ്ചായത്തിലെ 24 അംഗ ഭരണസമിതിയില്‍ ഏഴുപേര്‍ യുഡിഎഫും 17 പേര്‍ എല്‍ഡിഎഫുമാണ്.

You may also like

Leave a Comment