തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ട വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം. വയനാട് ലോക്സഭാ, ചേലക്കര നിമയസഭാ തിരഞ്ഞെടുപ്പുകളുടെ പ്രചാരണമാണ് ഇന്ന് അവസാനിക്കുക. മൂന്ന് മുന്നണികളും അവസാന ഘട്ട പ്രചാരണം ആവേശമാക്കുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസം മണ്ഡലങ്ങളില്‍ കണ്ടത്. കല്‍പ്പാത്തി രഥോത്സവം പ്രമാണിച്ച് തിരഞ്ഞെടുപ്പ് 20ാം തീയതിയിലേക്ക് മാറ്റിയതിനാല്‍ പാലക്കാട് കൊട്ടിക്കലാശം 18-നാണ് നടക്കുക.ആവേശപ്പോരാട്ടം അതിന്റെ അവസാന ഘട്ടത്തിലേക്കെത്തിയതോടെ തങ്ങളുടെ വോട്ട് ഉറപ്പിക്കാനായി സ്ഥാനാര്‍ഥികള്‍ ഓരോരുത്തരും അവസാനവട്ട ശ്രമത്തിലാണ്. ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി വയനാട്ടില്‍ വലിയ രീതിയിലുള്ള കൊട്ടിക്കലാശത്തിന് മുന്നണികള്‍ ഒരുങ്ങിക്കഴിഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്കാഗാന്ധി ഇന്നു രാവിലെ ബത്തേരിയിലും ഉച്ചക്ക് ശേഷം തിരുവമ്പാടിയിലും വോട്ടര്‍മാരെ കാണാനായിറങ്ങും. യുഡിഎഫിന്റെ ആവേശം വാനോളം എത്തിക്കാന്‍ സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഇന്ന് വയനാട്ടില്‍ ഉണ്ടാകും. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കല്‍പ്പറ്റയിലാണ് പരസ്യ പ്രചരണത്തിന്റെ അവസാന മണിക്കൂറുകളില്‍ വോട്ടര്‍മാരെ കണ്ട് വോട്ടുറപ്പിക്കുന്നതിനായി എത്തുക. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരി രാവിലെ 10 മണിക്ക് സുല്‍ത്താന്‍ ബത്തേരി സെന്റ്മേരിസ് കോളേജില്‍ എത്തും. വൈകീട്ട് 3 മണിക്ക് കല്‍പ്പറ്റയില്‍ വെച്ചാണ് എല്‍ഡിഎഫ് കൊട്ടിക്കലാശം. കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പങ്കെടുക്കും.എന്‍ഡിഎ സ്ഥാനാര്‍ഥി നവ്യ ഹരിദാസ് ഇന്ന് റോഡ് ഷോയില്‍ പങ്കെടുക്കും. കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലങ്ങളിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ റോഡ് ഷോ. ശേഷം ബത്തേരി ടൗണില്‍ നടക്കുന്ന കലാശക്കൊട്ടിലും നവ്യ ഹരിദാസ് പങ്കെടുക്കും. വൈകീട്ട് അഞ്ച് മണിയ്ക്കാണ് കൊട്ടിക്കലാശം സമാപിക്കുക. ചേലക്കരയില്‍ ഇതുവരെ കാണാത്ത പ്രചാരണമാണ് ഇത്തവണ കണ്ടത്. ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും വിവാദങ്ങളില്‍ കരുതലോടെ പ്രതികരിച്ചുമായിരുന്നു എല്‍ഡിഎഫ് പ്രചാരണം. ഭരണവിരുദ്ധ വികാരമാണ് പ്രധാനമായും യുഡിഎഫും എന്‍ഡിഎയും പ്രധാന പ്രചാരണ വിഷയമാക്കിയത്. എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ റോഡ് ഷോ മണ്ഡലത്തിലുണ്ടാകും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ്, മുള്ളൂര്‍ക്കര, വരവൂര്‍ ദേശമംഗലം, ചെറുതുരുത്തി, പാഞ്ഞാള്‍ പഞ്ചായത്തുകളിലെ പര്യടനത്തിനുശേഷം ചേലക്കരയിലെത്തും. യു ആര്‍ പ്രദീപിനായി പാലക്കാട് സ്ഥാനാര്‍ത്ഥി പി സരിനും കലാശക്കൊട്ടില്‍ അണിനിരക്കും.യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് തിരുവില്വാമലയില്‍ നിന്നാരംഭിച്ച് എല്ലാ പഞ്ചായത്തുകളിലെയും പ്രധാന റോഡിലൂടെ പര്യടനം നടത്തി കൊട്ടിക്കലാശത്തിനു ചേലക്കരയിലെത്തും. രമ്യ ഹരിദാസിന് വേണ്ടി കെപിസിസി പ്രസിഡന്റ് കെ സുധാകരനും അണിനിരക്കും.എന്‍ഡിഎ സ്ഥാനാര്‍ഥി കെ ബാലകൃഷ്ണന്‍ ബിജെപി സംസ്ഥാന അധ്യക്ഷനോടൊപ്പം ചേലക്കരയിലെ കൊട്ടിക്കലാശത്തില്‍ പങ്കെടുക്കും. വൈകിട്ട് ചേലക്കര ടൗണിലാണ് മൂന്ന് സ്ഥാനാര്‍ത്ഥികളും പങ്കെടുക്കുന്ന കൊട്ടിക്കലാശം.
ഉപതെരഞ്ഞെടുപ്പ്; വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം; ആവേശപ്പോരാട്ട സമാപനത്തില്‍ മുന്നണികള്‍
28