പിണറായി വിജയന് തുടക്കത്തിലെ അറിയാം തോല്‍ക്കുമെന്ന്. അതാണ് പേരിനു വന്നു പ്രചരണം നടത്തിയത്. കാപട്യങ്ങളുടെ പാര്‍ട്ടിയാണ് സിപിഎമ്മെന്നും സതീശന്‍ പറയുന്നു.
തൃശൂര്‍: ചേലക്കരയില്‍ അയ്യായിരത്തോളം വോട്ടിന് യുഡിഎഫ് ജയിക്കുമെന്ന് വിഡി സതീശന്‍ ഏഷ്യാനെറ്റ് ന്യൂസിനോട്. മുഖ്യമന്ത്രിക്ക് പരാജയഭീതിയെന്നും അദ്ദേഹം പരിഹസിച്ചു. സര്‍ക്കാരിനോട് ജനങ്ങള്‍ക്ക് വിരോധം മാറി, വെറുപ്പായി. പിണറായി വിജയന് തുടക്കത്തിലെ അറിയാം തോല്‍ക്കുമെന്ന്. അതാണ് പേരിനു വന്നു പ്രചരണം നടത്തിയത്. കാപട്യങ്ങളുടെ പാര്‍ട്ടിയാണ് സിപിഎമ്മെന്നും സതീശന്‍ പറയുന്നു.
അതേസമയം, ചേലക്കരയില്‍ എല്‍ഡിഎഫിന് വന്‍ ഭൂരിപക്ഷം ഉണ്ടാകുമെന്ന് കെ രാധാകൃഷ്ണന്‍ പ്രതികരിച്ചു. കള്ള പ്രചരണങ്ങള്‍ വിലപ്പോവില്ല. ദുഷ്പ്രചരണങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. മുഖ്യമന്ത്രിയുടെ വരവ് നേട്ടമുണ്ടാക്കുമെന്നും രാധാകൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അതേസമയം, ഉറച്ച വിജയ പ്രതീക്ഷ, ഭൂരിപക്ഷം അവരുടെ വിശ്വാസം മാത്രമെന്നും യു പ്രദീപ് ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. മത്സരം കടുത്ത് എന്നത് എതിരാളികളുടെ പ്രചാരണം മാത്രമാണ്. അത് ആശയകുഴപ്പം സൃഷ്ടിക്കാനാണെന്നും വിഡി സതീശന് മറുപടിയായി പ്രദീപ് പറഞ്ഞു.
5000 വോട്ട് ലീഡ് എന്നത് അവരുടെ വിശ്വാസമാണ്. ഞങ്ങള്‍ക്ക് നാടിന്റെ പള്‍സ് അറിയാം, അതില്‍ ഞങ്ങള്‍ക്ക് വിശ്വാസം ഉണ്ട്. സരിന്റെ വരവ് ഗുണമായി മാറും. അതിനിടെ, 5000ത്തിന് മുകളില്‍ ഭൂരിപക്ഷത്തിന് ജയിക്കുമെന്ന് ചേലക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ ബാലകൃഷ്ണനും പ്രതികരിച്ചു. മണ്ഡലത്തില്‍ ബിജെപിക്ക് അനുകൂല സാഹചര്യമെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലത്തിന്റെ ചരിത്രത്തില്‍ ഇന്നേവരെ കാണാത്ത കാടിളക്കിയ പ്രചാരണത്തിനാണ് ഇന്ന് പരിസമാപ്തിയാകുന്നത്. ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി, വിവാദങ്ങളില്‍ കരുതലോടെ പ്രതികരിച്ചുമായിരുന്നു സിറ്റിംഗ് സീറ്റ് നിലനിര്‍ത്താനുള്ള ഇടതുമുന്നണി പ്രചാരണം. ഭരണ വിരുദ്ധ വികാരത്തിലൂന്നി, നേതാക്കള്‍ മുഴുവന്‍ സമയവും ബൂത്ത് തലം വരെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുമായിരുന്നു യുഡിഎഫ് ക്യാമ്പ് നീങ്ങിയത്.
ബിജെപിയും പ്രചാരണത്തില്‍ ഇരുമുന്നണികള്‍ക്കും ഒപ്പത്തിനൊപ്പം പിടിച്ചു. വൈകിട്ട് ചേലക്കര ടൗണിലാണ് മൂന്ന് സ്ഥാനാര്‍ത്ഥികളും പങ്കെടുത്തുള്ള കൊട്ടിക്കലാശം. രമ്യ ഹരിദാസിനൊപ്പം കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും, യുആര്‍ പ്രദീപിനായി പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സരിനും കൊട്ടിക്കലാശത്തില്‍ അണിനിരക്കും.
അതിനിടെ, പാലക്കാട്ട് ഉപതെരഞ്ഞെടുപ്പില്‍ കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തികൊണ്ടാണ് യുഡിഎഫും എന്‍ഡിഎയും ഇന്ന് ട്രാക്ടര്‍ മാര്‍ച്ചുകള്‍ നടത്തുന്നത്. രാവിലെ 7.30ന് യുഡിഎഫ് നേതൃത്വത്തില്‍ കണ്ണാടിയില്‍ നിന്ന് ആരംഭിക്കുന്ന കര്‍ഷകരക്ഷാ ട്രാക്ടര്‍ മാര്‍ച്ച് കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും.
നെല്ലിന്റെ സംഭരണം പാളിയതടക്കം കര്‍ഷകരുടെ വിവിധ പ്രശ്‌നങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്.രാവിലെ 10.30ന് ബിജെപിയുടെ നേതൃത്വത്തിലും കര്‍ഷക വിഷയങ്ങള്‍ ഉന്നയിച്ചുള്ള ട്രാക്ടര്‍ മാര്‍ച്ച് നടത്തുന്നുണ്ട്. കണ്ണാടി പാത്തിക്കലില്‍ നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് നടന്‍ കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്യും.സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ സമാപന സമ്മേളനത്തിലും പങ്കാളിയാകും.