”മാലിന്യ മുക്ത കാസര്‍കോട് നഗരസഭ” വിദ്യാര്‍ത്ഥികള്‍ മനസ്സു വെച്ചാല്‍ എളുപ്പമാകും: ചെയര്‍മാന്‍ അബ്ബാസ് ബീഗം
കാസര്‍കോട്: മാലിന്യ നിര്‍മ്മാര്‍ജ്ജനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ മനസ്സു വെച്ചാല്‍ ”മാലിന്യ മുക്ത കാസര്‍കോട് നഗരസഭ” എന്ന ലക്ഷ്യം വളരെ എളുപ്പത്തില്‍ സാധ്യമാക്കുവാന്‍ കഴിയുമെന്നും ചെയര്‍മാന്‍ അബ്ബാസ് ബീഗം പറഞ്ഞു. മാലിന്യ മുക്ത നവകേരള ക്യാമ്പയിനുമായി ബന്ധപ്പെട്ട് കാസര്‍കോട് നഗരസഭ സംഘടിപ്പിച്ച കുട്ടികളുടെ ഹരിതസഭ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ വഴികളെ കുറിച്ചും അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് ഹരിതകര്‍മ്മസേനയ്ക്ക് കൈമാറുന്നതിനെ കുറിച്ചും വീട്ടുകാരെ ബോധവല്‍ക്കരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയുമെന്നും ചെയര്‍മാന്‍ പറഞ്ഞു.
നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടന്ന ഹരിതസഭയില്‍ 23 സ്‌കൂളുകളില്‍ നിന്നായി 173 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട് സ്വാഗതം പറഞ്ഞു. വിദ്യാര്‍ത്ഥി പ്രതിനിധികളായ കുമാരി. നീലിമ കിഷോര്‍, മേഖന രാജ്, ആയിഷത്ത് മുബഷീറ, മാസ്റ്റര്‍ വിഘ്‌നേഷ്, മുഹ്‌സാബ്, മുഹമ്മദ് ഷഹാം എന്നിവര്‍ ഹരിതസഭ നിയന്ത്രിച്ചു.
പൂര്‍ണ്ണമായും കുട്ടികളുടെ മേല്‍നോട്ടത്തിലും നിയന്ത്രണത്തിലുമായാണ് ഹരിതസഭ നടന്നത്. സ്‌കൂളുകളെ പ്രതിനിധീകരിച്ച് കുട്ടികള്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും നിര്‍ദ്ദേശങ്ങള്‍ വെക്കുകയും ചെയര്‍മാന്‍ മറുപടി നല്‍കുകയും ചെയ്തു. ഏറ്റവും മികച്ച റിപ്പോര്‍ട്ടുള്ള സ്‌കൂളിനുള്ള അവാര്‍ഡ് ജി.എം.വി.എച്ച്.എസ്.എസ് തളങ്കരയും ഏറ്റവും നല്ല രീതിയില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ച വിദ്യാര്‍ത്ഥിക്കുള്ള അവാര്‍ഡ് ജി.എല്‍.പി.എസ് തളങ്കര പടിഞ്ഞാറിലെ ആയിഷ ജസായും കരസ്ഥമാക്കി. വിജയികള്‍ക്ക് ഉപഹാരവും പങ്കെടുത്ത മുഴുവന്‍ സ്‌കൂളുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സാക്ഷ്യപത്രവും ചടങ്ങില്‍ വിതരണം ചെയ്തു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ഷംസീദ ഫിറോസ്, സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ സഹീര്‍ ആസിഫ്, റീത്ത ആര്‍, രജനി കെ, നഗരസഭാ സെക്രട്ടറി ജസ്റ്റിന്‍ പി.എ, നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നിസാം തുടങ്ങിയവര്‍ സംബന്ധിച്ചു.
ഹരിതസഭയ്ക്ക് മുന്നോടിയായി ജി.എച്ച്.എസ്.എസ് കാസര്‍കോട് സ്‌കൂള്‍ പരിസരത്ത് നിന്നും നഗരസഭാ ചെയര്‍മാന്റെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാര്‍, ഹരിതസഭ പ്രതിനിധികള്‍, അധ്യാപകര്‍, നഗരസഭാ ജീവനക്കാര്‍, ഹരിതകര്‍മ്മസേന അംഗങ്ങള്‍ പങ്കെടുത്ത ശുചിത്വ മാലിന്യ സംസ്‌ക്കരണ ബോധവല്‍ക്കരണ പദയാത്രയും സംഘടിപ്പിച്ചിരുന്നു.