’48 മണിക്കൂറിനുളളില്‍ ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ഇറാനെ നരകതുല്യമാക്കും’; ഭീഷണിയുമായി ഡോണള്‍ഡ് ട്രംപ്

’48 മണിക്കൂറിനുളളില്‍ ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ഇറാനെ നരകതുല്യമാക്കും’; ഭീഷണിയുമായി ഡോണള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: അടുത്ത 48 മണിക്കൂറിനുളില്‍ ഹോര്‍മുസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ ഇറാനെ നരകതുല്യമാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയുമായി ഉടന്‍ ഒരു കരാറില്‍ ഒപ്പുവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘ഒരു കരാര്‍ ഉണ്ടാക്കാനും ഹോര്‍മുസ് കടലിടുക്ക് തുറക്കാനുമാണ് ഞാന്‍ ഇറാന് 10 ദിവസം അനുവദിച്ചത്. സമയം അതിക്രമിച്ചിരിക്കുന്നു. 48 മണിക്കൂറാണ് ശേഷിക്കുന്നത്. ഇറാനെ നരകതുല്യമാക്കേണ്ടിവരും’-ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ആണവ നിലയം, പെട്രോക്കെമിക്കല്‍ ഹബ്, ട്രേഡ് ടെര്‍മിനല്‍, സിമന്റ് ഫാക്ടറി എന്നിവയെ ലക്ഷ്യമിട്ട് യുഎസ്- ഇസ്രയേല്‍ ആക്രമണങ്ങള്‍ നടന്നതായി ഇറാനിയന്‍ മാധ്യമങ്ങള്‍ വെളിപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ട്രംപിന്റെ ഭീഷണി.

ഇറാന്‍ അമേരിക്കയുടെ എംക്യു-1 ഡ്രോണ്‍ ഇറാനിയന്‍ റവല്യൂഷണറി ഗാര്‍ഡ്സ് വെടിവെച്ചിട്ടിരുന്നു. ഇസ്ഫഹാന്‍ മേഖലയിലാണ് ഡ്രോണ്‍ വെടിവെച്ചിട്ടത്. യുഎസിന്റെ രണ്ട് വിമാനങ്ങള്‍ വീഴ്ത്തിയതായി ഇറാന്‍ നേരത്തെ അവകാശപ്പെട്ടിരുന്നു. ഒരു വിമാനം തകര്‍ന്നതായി യുഎസ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എഫ്- 15ഇ സ്ട്രൈക്ക് ഈഗിള്‍ എന്ന അത്യാധുനിക യുദ്ധവിമാനമാണ് ഇറാന്‍ തകര്‍ത്തത്. ഈ വിമാനത്തിന്റെ പൈലറ്റ് ഇറാന്റെ പിടിയിലായെന്ന് ഇറാനിയന്‍ ന്യൂസ് ഏജന്‍സിയായ തസ്‌നിം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദക്ഷിണ ഇറാനില്‍ വെച്ചാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് വിമാനം വെടിവെച്ച് വീഴ്ത്തിയത്. വിമാനത്തില്‍ നിന്നും ഇജക്ട് ചെയ്ത പൈലറ്റ് ഇറാനില്‍ തന്നെ ലാന്‍ഡ് ചെയ്യുകയായിരുന്നു.

യുദ്ധം അവസാനിപ്പിക്കുമെന്ന് നേരത്തെ ട്രംപ് സൂചന നല്‍കിയിരുന്നു. രണ്ടോ മൂന്നോ ആഴ്ചകള്‍ക്കുള്ളില്‍ അമേരിക്ക യുദ്ധത്തില്‍ നിന്ന് പിന്‍മാറുമെന്നാണ് ട്രംപ് നേരത്തെ പറഞ്ഞത്. വൈറ്റ് ഹൗസില്‍ സംസാരിക്കുമ്പോഴാണ് ട്രംപ് ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുമെന്ന് പറഞ്ഞത്. ‘ഞങ്ങള്‍ ഇറാന്‍ വിടാന്‍ പോകുന്നു. കൂടിപോയാല്‍ രണ്ടോ മൂന്നോ ആഴ്ച്ച കൂടി സംഘര്‍ഷം തുടരും’ എന്നാണ് ട്രംപ് പറഞ്ഞത്. റോയിട്ടേഴ്‌സാണ് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ വീണ്ടും ഇറാനെ നശിപ്പിക്കുമെന്ന് ഭീഷണിയുമായി അദ്ദേഹം രംഗത്തെത്തുകയായിരുന്നു.

Scroll to Top