തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളില്‍ അഞ്ചുവര്‍ഷത്തിലേറെ സര്‍വീസുള്ള അധ്യാപകരെല്ലാം യോഗ്യതാ പരീക്ഷയായ കെ ടെറ്റ് പാസായിരിക്കണമെന്ന സുപ്രീം കോടതി വിധിയില്‍ അയ്യായിരത്തിലേറെ വരുന്ന അധ്യാപകര്‍ കടുത്ത ആശങ്കയിലാണ്. നിവേദനം മന്ത്രിക്ക് നേരിട്ട് സമര്‍പ്പിച്ചിട്ടുപോലും കോടതി വിധിയുമായി ബന്ധപ്പെട്ട് സെറ്റ് പാസായി ഏറെക്കാലമായി ജോലി ചെയ്യുന്ന അധ്യാപകരുടെ ആശങ്കകള്‍ അകറ്റാന്‍ സര്‍ക്കാര്‍ വ്യക്തത വരുത്തിന്നില്ലെന്നതാണ് ഇവരുടെ പരാതി. കെ-ടെറ്റ് നിര്‍ബന്ധമായ തസ്തികകളില്‍ ഉയര്‍ന്ന യോഗ്യതയുടെ അടിസ്ഥാനത്തില്‍ ജോലി നേടിയ അധ്യാപകരാണ് ആശങ്കയില്‍ കഴിയുന്നത്.
കെ-ടെറ്റിനേക്കാള്‍ ഉയര്‍ന്ന യോഗ്യതാ പരീക്ഷയാണ് ഫലത്തില്‍ സെറ്റ് പരീക്ഷയെന്ന് എടരിക്കോട് പികെഎം എച്ച്എസ്എസ് ഹൈസ്‌കൂള്‍ അധ്യാപികയായ എ.ഷഫ്ന ചൂണ്ടിക്കാട്ടുന്നു. ‘താനടക്കം സെറ്റ് പാസായി അധ്യാപകരായി ജോലി ചെയ്യുന്ന ആയിരക്കണക്കിന് പേര്‍ സംസ്ഥാനത്തെമ്പാടുമുണ്ട്. ഇനി സ്ഥാനക്കയറ്റം ലഭിക്കാനും ജോലി ഉറപ്പിക്കാനും വര്‍ഷങ്ങളോളം ജോലി ചെയ്ത് അനുഭവ സമ്പത്തുള്ളവര്‍ വീണ്ടും പരീക്ഷയെഴുതി മികവ് തെളിയിക്കണമെന്ന് പറയുന്നത് വലിയ പ്രയാസമുണ്ടാക്കും. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു വ്യക്തത വരുത്തേണ്ടത് അത്യാവശ്യമാണ്,’ – അവര്‍ പറഞ്ഞു.
ഇക്കഴിഞ്ഞ സെപ്തംബര്‍ മാസം ഒന്നാം തീയതിയാണ് സുപ്രീം കോടതി സുപ്രധാന ഉത്തരവ് പുറത്തിറക്കിയത്. ടെറ്റ് നിര്‍ബന്ധമായ തസ്തികകളിലേക്ക് ഉയര്‍ന്ന ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാന്‍ ടെറ്റ് പാസാകണമെന്നാണ് സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കിയത്. അതിനാല്‍ തന്നെ ഇനി മുതല്‍ സെറ്റ്, നെറ്റ്, എംഎഡ്, പിഎച്ച്ഡി യോഗ്യതകളുള്ളവര്‍ക്ക് ടെറ്റ് പരീക്ഷ പാസാകാതെ ടെറ്റ് യോഗ്യത നിര്‍ബന്ധമായ ജോലിക്ക് അപേക്ഷിക്കാനാവില്ല. കുട്ടികളുടെ ബോധന ശാസ്ത്രത്തിലും അധ്യാപന അഭിരുചിയിലും കേന്ദ്രീകരിക്കുന്ന യോഗ്യതാ പരീക്ഷയാണിതെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ടെറ്റ് തസ്തിക നിര്‍ബന്ധമാക്കിയ തസ്തികകളില്‍ ഉയര്‍ന്ന യോഗ്യതകള്‍ അടിസ്ഥാനമാക്കി ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് അഞ്ച് വര്‍ഷത്തിലേറെ സര്‍വീസ് ബാക്കിയുണ്ടെങ്കില്‍ ടെറ്റ് പരീക്ഷ പാസാകണമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് പാസാകാത്തവര്‍ സര്‍വീസില്‍ നിന്ന് പുറത്താകുമെന്നും സുപ്രീം കോടതി വിധിയില്‍ വിശദീകരിച്ചു. കെ ടെറ്റ് നിര്‍ബന്ധമാക്കിയ 2012 ഏപ്രിലിന് ശേഷം സെറ്റ് അടക്കം ഉയര്‍ന്ന യോഗ്യതകളുടെ അടിസ്ഥാനത്തില്‍ അധ്യാപകരായി ജോലിക്ക് കയറിയവരുടെ ജോലി പോലും ഒരു പരീക്ഷണ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. അഞ്ചുവര്‍ഷം സര്‍വീസില്ലാത്തവര്‍ക്ക് സ്ഥാനക്കയറ്റം വേണമെങ്കിലും കെ ടെറ്റ് വിജയിക്കണമെന്നാണ് വിധി വ്യവസ്ഥ ചെയ്യുന്നത്.
അതേസമയം വിധി പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിക്കാനുള്ള ആലോചനയിലാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്. കഴിഞ്ഞ ദിവസം സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി മന്ത്രി ശിവന്‍ കുട്ടിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നത തല യോഗത്തിന് പിന്നാലെ റിവ്യൂ പെറ്റീഷന്‍ നല്‍കുന്നത് പരിശോധിക്കാന്‍ അഡ്വക്കറ്റ് ജനറല്‍ ഓഫീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എങ്കിലും സര്‍ക്കാര്‍ ഈ വിഷയത്തില്‍ സെറ്റ് പാസായ അധ്യാപകരുടെ ആശങ്ക പരിഹരിക്കുന്ന വിധത്തില്‍ കൃത്യമായ നിലപാട് എടുക്കാത്തത് അധ്യാപകരെ ആശങ്കയിലാക്കുന്നു.




