സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാരുടെ ജില്ലാതല പെര്‍ഫോമന്‍സ് റിവ്യൂ മീറ്റിംഗ് നടത്തി

കാസര്‍ഗോഡ്: ജില്ലാതലത്തിലെ സി.ഡി.എസ് ചെയര്‍പേഴ്‌സന്‍മാരുടെ പെര്‍ഫോമന്‍സ് റിവ്യൂ യോഗം ജില്ലാ പ്ലാനിംഗ് ഓഫീസ് ഹാളില്‍ നടത്തി. ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ രതീഷ് പിലിക്കോട് അധ്യക്ഷത വഹിച്ച യോഗത്തില്‍ വിവിധ പദ്ധതികളുടെ പുരോഗതി, വരുംദിവസങ്ങളിലെ പ്രവര്‍ത്തനങ്ങള്‍, തിരഞ്ഞെടുപ്പ് ചുമതലകള്‍ തുടങ്ങിയ വിഷയങ്ങള്‍ സമഗ്രമായി പരിശോധിച്ചു.
ബാക്ക് ടു ഫാമിലി പ്രവര്‍ത്തനങ്ങളുടെ ജില്ലാതല അവലോകനം തദ്ദേശ തിരഞ്ഞെടുപ്പില്‍ കുടുംബശ്രീയ്ക്ക് നിര്‍വ്വഹിക്കേണ്ട ചുമതലകള്‍ എന്നിവ സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ രതീഷ് പിലിക്കോട് അവതരിപ്പിച്ചു. സി.ഡി.എസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബൈലോ ഭേദഗതികള്‍ക്കും പ്രവര്‍ത്തന രീതികളിലെ ഏകീകരണത്തിനും യോഗത്തില്‍ പ്രത്യേകം സമയമനുവദിച്ചു.

അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഇക്ബാല്‍ നൂതന സംരംഭ ആശയങ്ങളെ കുറിച്ചും ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ ജയന്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കുടുംബശ്രീ ചുമതലകളും അവതരിപ്പിച്ചു. കുടുംബശ്രീയുടെ വിവിധ മേഖലാതല പദ്ധതികളുടെ രൂപകല്‍പ്പന, നടപ്പാക്കല്‍, ഫലപ്രാപ്തി എന്നിവയെ കുറിച്ച് ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ വിശദമായി സംസാരിച്ചു.
തുടര്‍ന്ന് അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാരായ സൗദ സി.എം, ഡി. ഹരിദാസ്, ഇക്ബാല്‍ സി.എച്ച് , കിഷോര്‍ കുമാര്‍ എന്നിവര്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍, കുടുംബശ്രീ ബൈലോ, സി.ഡി.എസ് തലത്തില്‍ നടപ്പാക്കാവുന്ന പുതിയ സംരംഭങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു.

സ്‌നേഹിതയുടെ നേതൃത്വത്തില്‍ മടിക്കൈയില്‍ ആരംഭിക്കുന്ന ഒരുലക്ഷം പുസ്തകങ്ങളടങ്ങിയ ലൈബ്രറി പ്രചാരണം യോഗത്തില്‍ അവതരിപ്പിച്ചു. പുസ്തകശേഖരണത്തിനായി വീടുകളില്‍ സംഘടിപ്പിക്കുന്ന പ്രത്യേക അയല്‍ക്കൂട്ട യോഗങ്ങള്‍ നവംബര്‍ 22 മുതല്‍ ഡിസംബര്‍ 22 വരെ ജില്ലയില്‍ നടക്കും. വായനാപ്രവര്‍ത്തനങ്ങള്‍ക്ക് സ്ത്രീശാക്തീകരണവും സാമൂഹിക ഇടപെടലും നല്‍കുന്ന ശക്തമായ മാതൃകയാക്കുന്നതാണ് പദ്ധതിയെന്ന് യോഗത്തില്‍ ചര്‍ച്ചയായി.

അയല്‍ക്കൂട്ടം അംഗങ്ങള്‍ക്ക് ഐഡി കാര്‍ഡ് വിതരണം, കന്നട മേഖലയില്‍ ആരോഗ്യ കാര്‍ഡ് വിതരണം, ഓഫീസുകളുടെ ധന വിനിയോഗവും ഭരണപരമായ നയങ്ങളും, ഭാവിയില്‍ നൂതന സംരംഭങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുക, ഓരോ സി.ഡി.എസിലും പുതിയ പ്രൊജക്ടുകള്‍ തയ്യാറാക്കുക തുടങ്ങിയ കാര്യങ്ങള്‍ യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്തു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏകോപനം ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു.

മലയാള ഭാഷയുടെ പ്രോല്‍സാഹനത്തിനായി ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ രതീഷ് പിലിക്കോട് മലയാളഭാഷാ പ്രതിജ്ഞ ചൊല്ലി കൊടുത്തു . ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എം. മധുസൂദനന്‍ യോഗത്തില്‍ സംസാരിച്ചു
അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ സി.എം. സൗദ സ്വാഗതവും സച്ചിന്‍ രാജ് നന്ദിയും പറഞ്ഞു.
ചെയര്‍പേഴ്‌സന്‍മാര്‍, വൈസ് ചെയര്‍പേഴ്‌സന്‍മാര്‍, അക്കൗണ്ടന്റുമാര്‍, ജില്ലാ മിഷന്‍ സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Scroll to Top