സിപിഎം നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യം
പ്രായപൂര്‍ത്തിയാകാത്ത കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹത്തില്‍ വരനെതിരെ പോക്‌സോ കേസ്. വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചെന്നും, വിവാഹത്തിന് കാര്‍മികത്വം വഹിച്ച സിപിഎം നേതാക്കള്‍ ഇതോടെ വെട്ടിലായെന്നും ദേശീയ പട്ടികവര്‍ഗ്ഗ കമ്മീഷന്റെ കണ്ടെത്തലില്‍ പറയുന്നു. സംഭവത്തില്‍ പട്ടിക വര്‍ഗപീഡന കുറ്റവും ചുമത്താന്‍ സാധ്യതയുണ്ട്.
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹത്തില്‍ പോക്‌സോ കേസിന് പിന്നാലെ പട്ടിക വര്‍ഗപീഡന കുറ്റവും ചുമത്തും. വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കാന്‍ കൂട്ട് നിന്നവരും പ്രതികളാകും. ഇക്കാര്യം വ്യക്തമാക്കി എസ് ടി കമ്മീഷന്‍ നിയമ ഉപദേശകന്‍ പ്രകാശ് ഉയ്ക്കെ ഫേസ്ബുക്ക് പോസ്റ്റിട്ടു. സംഭവത്തില്‍ ഗൂഢാലോചന ഉണ്ടെന്ന് പ്രകാശ് ചൂണ്ടിക്കാട്ടുന്നു. വിവാഹത്തിന് കാര്‍മികത്വം വഹിച്ച കേരളത്തിലെ സിപിഎം നേതാക്കളുടെ പങ്കും അന്വേഷിക്കണമെന്നാണ് ആവശ്യം. അതേസമയം കല്യാണത്തിന് കാര്‍മികത്വം വഹിച്ച സിപിഎം നേതാക്കള്‍, കേസിലും വിവാദത്തിലും പ്രതികരിക്കാതെ മൗനം തുടരുകയാണ്.
വിവാഹസമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല എന്ന ദേശീയ പട്ടികവര്‍ഗ്ഗ കമ്മീഷന്റെ കണ്ടെത്തലിനെത്തുടര്‍ന്നാണ് മധ്യപ്രദേശ് പൊലീസ് ഫര്‍മാന്‍ ഖാനെതിരെ പോക്‌സോ കേസെടുത്തത്. കഴിഞ്ഞ മാര്‍ച്ച് 11 ന് തിരുവനന്തപുരത്തെ അരുമാനൂര്‍ ശ്രീ നൈനാര്‍ ദേവ ക്ഷേത്രത്തില്‍ വെച്ചായിരുന്നു കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം. വിവാഹസമയത്ത് പെണ്‍കുട്ടിക്ക് 16 വയസ്സും രണ്ട് മാസവും മാത്രമായിരുന്നു പ്രായമെന്ന് ദേശീയ പട്ടികവര്‍ഗ്ഗ കമ്മീഷന്‍ കണ്ടെത്തി.? വിവാഹത്തിനായി വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചെന്നാണ് ദേശീയ പട്ടികവര്‍ഗ കമ്മീഷന്റെ കണ്ടെത്തല്‍. 2009 ഡിസംബര്‍ 30-നാണ് പെണ്‍കുട്ടി ജനിച്ചതെന്ന് മധ്യപ്രദേശിലെ ആശുപത്രി രേഖകള്‍ വ്യക്തമാക്കുന്നു. വിവാഹത്തിനായി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചതായും കമ്മീഷന്‍ റിപ്പോര്‍ട്ടിലുണ്ട്. ഇതോടെയാണ് ഫര്‍മാന്‍ ഖാനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തത്. വിഷയത്തില്‍ കേരള, മധ്യപ്രദേശ് ഡിജിപിമാരോട് ഡല്‍ഹിയില്‍ ഹാജരാകാന്‍ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.
വെട്ടിലായി വിവാഹത്തിന് കാര്‍മികത്വം വഹിച്ച സിപിഎം നേതാക്കള്‍
സിപിഎം നേതാക്കളായിരുന്നു കുംഭമേള വൈറല്‍ താരത്തിന്റെ കല്യാണവാര്‍ത്ത അറിഞ്ഞ് ആദ്യം അന്ന് ഓടിയെത്തിയത്. സര്‍ക്കാറിന്റെയും സിപിഎമ്മിന്റെയും പേരില്‍ ആശംസകള്‍ നേര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍,? വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി,? എ എ റഹീം എം പി തുടങ്ങിയവര്‍ വിവാഹചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇതാണ് റിയല്‍ കേരള സ്റ്റോറിയെന്ന് നേതാക്കള്‍ വാനോളം പുകഴ്ത്തുകയും ചെയ്തു. പോക്‌സോ കേസായതോടെ അന്ന് രക്തഹാരവും ബൊക്കയും ഒക്കെ സമ്മാനിച്ച നേതാക്കള്‍ മിണ്ടുന്നില്ല.




