പയ്യന്നൂരില്‍ വീണ്ടും ആക്രമണം; വി കുഞ്ഞികൃഷ്ണന്റെ ഭാര്യയുടെ ഉടമസ്ഥതയിലുളള ഗ്രീന്‍ ഹൗസിന് തീയിട്ടു


കുഞ്ഞികൃഷ്ണന്‍ അനുകൂലിയുടെ കാറിന് നേരെ അക്രമികള്‍ സ്‌ഫോടക വസ്തു എറിഞ്ഞു

കണ്ണൂര്‍: പയ്യന്നൂരില്‍ വീണ്ടും ആക്രമണം. സിപിഐഎം വിട്ട് യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്രസ്ഥാനാര്‍ത്ഥി വി കുഞ്ഞികൃഷ്ണന്‍ അനുകൂലിയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. മാതമംഗലത്തിനടുത്ത് പേരൂലിലെ എം കെ നാരായണന്റെ കാറിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു. കാങ്കോല്‍ കരിങ്കുഴിയിലുളള കുഞ്ഞികൃഷ്ണന്റെ ഭാര്യയുടെ ഉടമസ്ഥതയിലുളള ഗ്രീന്‍ ഹൗസിനും അക്രമികള്‍ തീയിട്ടു. ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. പൊലീസ് എത്തിയാണ് തീ അണച്ചത്.

കഴിഞ്ഞ ദിവസവും കുഞ്ഞികൃഷ്ണന്‍ അനുകൂലിയുടെ വീടിന് നേരെ ആക്രമണമുണ്ടായിരുന്നു. മഹാദേവ ഗ്രാമം സ്വദേശി ടി പുരുഷോത്തമന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീടിന്റെ ജനല്‍ അടിച്ചുതകര്‍ത്തു. കാറിന് തീയിട്ടു. തീ ആളിക്കത്തുന്നത് കണ്ടാണ് പുരുഷോത്തമനും കുടുംബവും പുറത്തേക്ക് ഇറങ്ങിയത്. തുടര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമം നടത്തി. ആക്രമണം നടത്തിയത് പ്രദേശത്തെ സിപിഐഎം പ്രവര്‍ത്തകരാണ് എന്നാണ് പുരുഷോത്തമന്‍ ആരോപിച്ചത്.

പയ്യന്നൂര്‍ മണ്ഡലത്തില്‍ സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ വ്യാപക കളളവോട്ടും അക്രമവും നടന്നെന്ന് നേരത്തെ യുഡിഎഫ് ആരോപിച്ചിരുന്നു. പയ്യന്നൂര്‍ നഗരസഭയില്‍പ്പെട്ട പയ്യന്നൂര്‍, കണ്ടോത്ത്, കാറമേല്‍, പെരുമ്പ എന്നിവിടങ്ങളിലും കരിവെളളൂര്‍ പെരളം പഞ്ചായത്തിലെയും കാങ്കോല്‍ ആലപ്പടമ്പ് പഞ്ചായത്തിലെ ഭൂരിഭാഗം ബൂത്തുകളിലുമാണ് സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ വ്യാപക കളളവോട്ട് നടത്തിയതെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. ചോദ്യംചെയ്ത യുഡിഎഫ് ഏജന്റുമാരെ ഭീഷണിപ്പെടുത്തിയെന്നും കണ്ടോത്ത് സ്‌കൂളിലെ ബൂത്തില്‍ ഒരു സ്ത്രീ നാല് വോട്ട് ചെയ്തെന്നും യുഡിഎഫ് ആരോപിക്കുന്നു. നാലാമത്തെ വോട്ട് ചെയ്യുമ്പോള്‍ കയ്യോടെ പിടികൂടിയെങ്കിലും പൊലീസ് അവരെ അറസ്റ്റ് ചെയ്യാതെ വിട്ടയക്കുകയായിരുന്നു എന്നാണ് ആരോപണം.

കണ്ണൂര്‍ മയ്യിലിലും തെരഞ്ഞെടുപ്പ് ദിവസം ആക്രമണം ഉണ്ടായിരുന്നു. മയ്യിലില്‍ സിപിഐഎം പ്രവര്‍ത്തകന് കുത്തേറ്റു. മുല്ലക്കൊടി അരിമ്പ്ര സ്വദേശിയായ പി പി പ്രകാശനെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. പിന്നാലെ മയ്യിലിലെ യുഡിഎഫ് ബൂത്ത് ഏജന്റിന്റെ വീടിന് നേരെ ആക്രമണമുണ്ടായി. മുല്ലക്കൊടി യു പി സ്‌കൂളിലെ യുഡിഎഫ് ഏജന്റ് ഭാസ്‌കരന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. വീടിന്റെ ജനല്‍ ചില്ലുകള്‍ അടിച്ച് തകര്‍ത്തു. നേരത്തെ സിപിഐഎം പ്രവര്‍ത്തകനെ കുത്തി പരിക്കേല്‍പ്പിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്ത കൃഷ്ണന്റെ സഹോദരനാണ് ഭാസ്‌കരന്‍. ഭാസ്‌കരന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്.

Scroll to Top