നിരവധി പരിശോധനകള്‍ക്ക് ശേഷമാണ് വീട് വാസയോഗ്യമാക്കുന്നത്; ചൂരല്‍മല സര്‍ക്കാര്‍ ടൗണ്‍ഷിപ്പ് വീടുകളില്‍ വിള്ളല്‍ വീണതില്‍ ആശങ്ക വേണ്ട, ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി
സര്‍ക്കാര്‍ ടൗണ്‍ഷിപ്പില്‍ വിള്ളല്‍ വീണ ആദ്യഘട്ട വീടുകള്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി അധികൃതര്‍ സന്ദര്‍ശിച്ചു. രണ്ടു വീടുകളിലാണ് വിള്ളല്‍ കണ്ടെത്തിയത്. സംഭവത്തില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്ന് ഊരാളുങ്കല്‍ അധികൃതര്‍ പറഞ്ഞു. വീട് വാസയോഗ്യമാക്കാന്‍ വേണ്ടി ധാരാളം ടെസ്റ്റുകള്‍ നടത്താറുണ്ട്. അതിനിടയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാറുണ്ടെന്നും അത് പിന്നീട് പരിഹരിക്കുകയാണ് ചെയ്യുന്നതെന്നും ഊരാളുങ്കല്‍ അറിയിച്ചു.
മാര്‍ച്ച് ഒന്നിന് ഉദ്ഘാടനം ചെയ്ത ആദ്യഘട്ട വീടുകള്‍ വിഷുവിന് മുന്‍പ് വാസയോഗ്യമാകും എന്ന ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പിനെ തുടര്‍ന്ന് പ്രതീക്ഷയിലായിരുന്നു ദുരന്തബാധിതര്‍. എന്നാല്‍ സമയമായിട്ടും വാസയോഗ്യമായില്ല എന്നു മാത്രമല്ല, മിക്ക വീടുകളുടെയും നിര്‍മ്മാണങ്ങള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. ഇതിനിടയില്‍ ഒന്നാം സോണിലെ രണ്ടു വീടുകളില്‍ വിള്ളലുമുണ്ടായി. ഇതോടൊപ്പം സര്‍ക്കാര്‍ ദിനബത്ത മുടങ്ങിയതും ദുരന്തബാധിതരില്‍ ആശങ്ക കൂട്ടുന്നു. രണ്ടാഴ്ച മുന്‍പ് വിള്ളല്‍ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അധികൃതരെ അറിയിച്ചിരുന്നതാണന്നും ഉദ്ഘാടനത്തിന് മുമ്പുള്ള നിര്‍മ്മാണവേഗത ഉദ്ഘാടനത്തിനുശേഷം ഉണ്ടായിരുന്നില്ല എന്ന് വീട്ടുടമ നൗഫല്‍ പറഞ്ഞു.
വീടിന് തകരാറുണ്ടോ എന്ന് പരിശോധിക്കനായി നിരവധി ടെസ്റ്റുകള്‍ നടത്തും. അതിലാണ് കുറവുകള്‍ കണ്ടെത്തുന്നത്. പിന്നീട് ഇത് പരിഹരിക്കുക ആണ് ചെയ്യുന്നതെന്നും വിള്ളലില്‍ ആശങ്കപ്പെടാന്‍ ഇല്ലെന്നും വീട് സന്ദര്‍ശിച്ച ശേഷം ഊരാളുങ്കല്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അരുണ്‍ ബാബു വ്യക്തമാക്കുന്നു.
നിലവില്‍ ഉണ്ടായിട്ടുള്ള വിള്ളല്‍ ഉടന്‍ പരിഹരിക്കുമെന്ന് ഊരാളുങ്കല്‍ അധികൃതര്‍ അറിയിച്ചു. ടൗണ്‍ഷിപ്പിലെ 178 വീടുകള്‍ക്ക് വേണ്ട കേന്ദ്രീകൃത സംവിധാനങ്ങളുടെ പണി പൂര്‍ത്തിയായി എന്നും ഇനി താമസം തുടങ്ങിയ ശേഷമാണ് തുടര്‍ പ്രവര്‍ത്തനങ്ങള്‍ എന്നും അധികൃതര്‍ പറഞ്ഞു.




