തൃശൂര്‍ പൂരത്തിലെ ആന എഴുന്നെള്ളത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാകില്ലെന്ന് ഹൈക്കോടതി. പൊതുതാത്പര്യ ഹര്‍ജിയില്‍ അടിയന്തരമായി ഇടപെടാന്‍ കഴിയില്ല. തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. തൃശൂര്‍ സ്വദേശിയായ വെങ്കിടാചലം എന്നയാള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ മറുപടി. ചൂട് കൂടിയത് കണക്കിലെടുത്ത് ആന എഴുന്നെള്ളിപ്പില്‍ നിയന്ത്രണങ്ങള്‍ വേണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
മുന്‍പ് ആന എഴുന്നെള്ളത്തുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളില്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചുകൊണ്ട് ഹൈക്കോടതി പുറത്തിറക്കിയ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു അതുകൊണ്ടുതന്നെ ഇത്തരം നിലപാടുകളിലേക്ക് പോകാന്‍ സാങ്കേതികമായി കോടതിയ്ക്ക് തടസങ്ങളുണ്ട്. ഈ പശ്ചാത്തലത്തിലാണ് അടിയന്തര സ്വഭാവമില്ലെന്ന നിലപാട് ഈ വിഷയത്തില്‍ കോടതി സ്വീകരിച്ചിട്ടുള്ളത്.
അതേസമയം, തൃശൂര്‍ പൂരം ആചാരപരമായ ചടങ്ങുകള്‍ മാത്രമാക്കി നടത്താനാണ് നിലവിലെ തീരുമാനം. വെടിക്കെട്ട് ഒഴിവാക്കാനും കുടമാറ്റം 15 മിനിട്ട് മാത്രമായി ചുരുക്കാനും യോഗത്തില്‍ തീരുമാനമായി. 15 ആനകള്‍ ഇരുവിഭാഗങ്ങളിലും അണിനിരക്കും ഇലഞ്ഞിത്തറ മേളം, ആന എഴുന്നെള്ളത്ത് തുടങ്ങിയവ ആചാരത്തിന്റെ ഭാഗമാണെന്നും ഒഴിവാക്കാന്‍ കഴിയില്ലെന്നും പാറമേക്കാവ് ദേവസ്വം ഭാരവാഹികള്‍ വ്യക്തമാക്കിയിരുന്നു. മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അംഗീകരിക്കുന്നെന്നും വെടിക്കെട്ട് പൂര്‍ണമായും ഒഴിവാക്കും കുടമാറ്റം ചടങ്ങ് മാത്രമായി മാറ്റുമെന്നും തിരുവമ്പാടി ദേവസ്വം നിലപാട് അറിയിച്ചിരുന്നു.




