ചിട്ടയായ ശീലങ്ങളിലൂടെ ആരോഗ്യമുള്ള കരള്‍; ലോക കരള്‍ ദിനം: ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു
കാഞ്ഞങ്ങാട് : ലോക കരള്‍ ദിനത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലാതല ഉദ്ഘാടനവും ബോധവത്കരണ സെമിനാറും കാഞ്ഞങ്ങാട് ദേശീയ ആരോഗ്യ ദൗത്യം കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ചു.
പരിപാടിയുടെ ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബി സന്തോഷ് നിര്‍വഹിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എം പി ജീജ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ കെ .സന്തോഷ് ദിനാചരണ സന്ദേശം നല്‍കി.
പരിശീലന പരിപാടിയില്‍ കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജ് ഗ്യാസ്‌ട്രോഎന്‍ട്രോളജി വിഭാഗം മേധാവി ഡോ പ്രവീണ്‍കുമാര്‍ ‘ കരളിന്റെ ആരോഗ്യം’ എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു.
കരളിന്റെ ആരോഗ്യത്തെക്കുറിച്ചും രോഗങ്ങളെക്കുറിച്ചും ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വര്‍ഷവും ഏപ്രില്‍ 19-നാണ് ലോക കരള്‍ ദിനമായി ആചരിക്കുന്നത്. ഹെപ്പറ്റൈറ്റിസ് എ, ബി, ലിവര്‍ സിറോസിസ്, കരള്‍ അര്‍ബുദം, നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് തുടങ്ങിയ രോഗങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ദിനാചരണത്തിന് വലിയ പ്രസക്തിയുണ്ട്. ‘ചിട്ടയായ ശീലങ്ങള്‍, ആരോഗ്യമുള്ള കരള്‍’ എന്നതാണ് ഈ വര്‍ഷത്തെ ലോക കരള്‍ ദിന സന്ദേശം
ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ അജയ് രാജന്‍, ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റിവ് മെഡിക്കല്‍ ഓഫീസര്‍ ഡോ കെ പി അനുശ്രീ, ടെക്‌നിക്കല്‍ അസിസ്റ്റന്റ് എം ചന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
ജില്ലാ എഡ്യൂക്കേഷന്‍ & മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍ സ്വാഗതവും ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ & മീഡിയ ഓഫീസര്‍ പി.പി ഹസീബ് നന്ദിയും പറഞ്ഞു.




