കുവൈറ്റില്‍ വിമാന സര്‍വീസുകള്‍ നാളെ പുനരാരംഭിക്കും; കേരളത്തിലേക്ക് ആദ്യ സര്‍വീസ് തിങ്കളാഴ്ച

കുവൈറ്റില്‍ വിമാന സര്‍വീസുകള്‍ നാളെ പുനരാരംഭിക്കും; കേരളത്തിലേക്ക് ആദ്യ സര്‍വീസ് തിങ്കളാഴ്ച

ഇടവേളക്ക് ശേഷം വിമാന സര്‍വീസകള്‍ പുനരാരംഭിക്കാന്‍ തയ്യാറെടുത്ത് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം. നാളെ പ്രാദേശിക സമയം രാവിലെ എട്ട് മണിക്ക് ഈജിപ്തിലെ കൈയ്റോയിലേക്കാണ് ആദ്യ സര്‍വീസ്. കേരളത്തിലെക്കുള്ള സര്‍വീസ് തിങ്കളാഴ്ച മുതല്‍ ആരംഭിക്കും.

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഫെബ്രുവരി 28ന് കുവൈറ്റ് വ്യോമപാത അടച്ചതിന് പിന്നാലെയാണ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്. രണ്ട് ദിവസം മുമ്പ് വ്യോമ പാതം വീണ്ടു തുറന്നതോടെയാണ് സര്‍വീസുകള്‍ പുനരാരംഭിക്കുന്നത്. ഘട്ടം ഘട്ടമായിട്ടായിരിക്കും വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് എത്തുക.

കുവൈറ്റ് ദേശീയ വിമാന കമ്പനികളായ കുവൈറ്റ് എയര്‍ വെയ്സ്, ജസീറ എയര്‍ വെയ്സ് എന്നിവക്ക് മാത്രമെ നിലവില്‍ പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുള്ളു. ഇരുവിമാനങ്ങളും നാളെ കെയ്റോയിലേക്ക് പറന്നു കൊണ്ട് സര്‍വീസുകള്‍ക്ക് തുടക്കം കുറിക്കും. കൊച്ചി, തിരുവനന്തപുരം ഉള്‍പ്പെടെയുള്ള വിവിധ നഗരങ്ങളിലേക്കും ഇരു കമ്പനികളും സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് കുവൈറ്റ് എയര്‍വെയ്സിന്റെ ആദ്യ വിമാനം കുവൈറ്റില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടും. കൊച്ചിക്ക് പുറമെ തിരുവനന്തപുരത്തേക്കും ആഴ്ചയില്‍ മൂന്ന് സര്‍വീസുകള്‍ ഉണ്ടാകും. ജസീറ എര്‍വെയ്സും കൊച്ചിയിലേക്ക് ആഴ്ചയില്‍ മൂന്ന് സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്ന മുറക്ക് വരും ദിവസങ്ങളില്‍ കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.

Scroll to Top