എയര്‍ ആംബുലന്‍സ് വഴി ഹൃദയം എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനായ കേരളത്തിലെ ആദ്യവ്യക്തി, മാത്യു അച്ചാടന്‍ അന്തരിച്ചു
ഓട്ടോ ഡ്രൈവറും ചുമട്ടു തൊഴിലാളിയുമായിരുന്ന മാത്യുവിന് നാല്‍പത്തിയേഴാം വയസിലാണ് ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയത്. ന്ന് ഹൃദയമെത്തിച്ചത് നാവികസേനയുടെ ഹെലികോപ്റ്ററിലായിരുന്നു.
ചാലക്കുടി: കേരളത്തില്‍ ആദ്യമായി എയര്‍ ആംബുലന്‍സ് വഴി ഹൃദയം എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനായ മാത്യു അച്ചാടന്‍(57) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. തൃശ്ശൂര്‍ ചാലക്കുടിക്കടുത്ത് പരിയാരം സ്വദേശിയായ മാത്യുവിന് 10 വര്‍ഷം മുമ്പാണ് ഹൃദയം മാറ്റി വെക്കുന്നത്. ഓട്ടോ ഡ്രൈവറും ചുമട്ടു തൊഴിലാളിയുമായിരുന്ന മാത്യുവിന് നാല്‍പത്തിയേഴാം വയസിലാണ് ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയത്.
2015 ജൂലൈ 24-നാണ് മാത്യു അച്ചാടന്റെ ഹൃദയം മാറ്റിവച്ചത്. അന്ന് ഹൃദയമെത്തിച്ചത് നാവികസേനയുടെ ഹെലികോപ്റ്ററിലായിരുന്നു. തിരുവനന്തപുരത്ത് മസ്തിഷ്‌കാഘാതം മൂലം മരണം സംഭവിച്ച നീലകണ്ഠ ശര്‍മ എന്ന യുവ അഭിഭാഷകന്റെ ഹൃദയമാണ് മാത്യുവിന് ലഭിച്ചത്. എന്നാല്‍ ഹൃദയം തിരുവനന്തപുരത്തുനിന്ന് എറണാകുളത്ത് എത്തിക്കുക എന്നതായിരുന്നു വലിയ വെല്ലുവിളി. റോഡ് മാര്‍ഗം ഹൃദയം എത്തിക്കാന്‍ ഏകദേശം നാല് മണിക്കൂര്‍ എടുക്കുമെന്നതും അക്കാലത്തെ റോഡിന്റെ അവസ്ഥയും ശസ്ത്രക്രിയയുടെ വിജയത്തെ ബാധിക്കുമെന്ന് ആശങ്കയുണ്ടായിരുന്നു. ഈ പ്രതിസന്ധി ഘട്ടത്തിലാണ് എയര്‍ ആംബുലന്‍സ് എന്ന ആശയം മുന്നോട്ടുവരുന്നത്.
പ്രശസ്ത ഹൃദയശസ്ത്രക്രിയ വിദഗ്ധന്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലാണ് പിന്നീട് കാര്യങ്ങള്‍ ഏകീകരിച്ചത്. എറണാകുളം ലിസി ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ കാര്‍ഡിയാക് സര്‍ജറി വിഭാഗം മേധാവിയായിരുന്നു ഡോ. ജോസ് ചാക്കോ നേവിയിലുള്ള തന്റെ ബന്ധു മുഖേന ഹെലികോപ്റ്ററിനായി ശ്രമിച്ചു. എന്ന് എംഎല്‍എ ആയിരുന്നഹൈബി ഈഡന്‍ വഴി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ബന്ധപ്പെട്ട് കാര്യങ്ങള്‍ ധരിപ്പിച്ചു. ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശാനുസരണം ജില്ലാ കളക്ടറുടെയും നേവി ഉദ്യോഗസ്ഥരുടെയും ഏകോപനത്തിലൂടെ അനുയോജ്യമായ വിമാനം ക്രമീകരിക്കുകയും ഹൃദയം നാവികസേനയുടെ ഹെലികോപ്റ്ററില്‍ കൊച്ചിയിലെത്തിക്കുകയുമായിരുന്നു.




