Wednesday, December 4, 2024
Home Kerala ‘എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്പ്’; സൈബര്‍തട്ടിപ്പിന് ശ്രമം, വ്യാജ സന്ദേശത്തില്‍ കുടുങ്ങരുതെന്ന് മന്ത്രി

‘എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്പ്’; സൈബര്‍തട്ടിപ്പിന് ശ്രമം, വ്യാജ സന്ദേശത്തില്‍ കുടുങ്ങരുതെന്ന് മന്ത്രി

by KCN CHANNEL
0 comment


സാധാരണ ജനങ്ങളിലേക്ക് വാട്ട്‌സ്ആപ്പ് സന്ദേശം വഴിയാണ് ഈ ലിങ്ക് എത്തുന്നത്. രജിസ്ട്രേഷന്‍ ലിങ്ക് സഹിതമാണ് പ്രചരണം.

തിരുവനന്തപുരം: എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പൊതുവിദ്യാഭ്യാസ വകുപ്പ് സൗജന്യ ലാപ്‌ടോപ്പ് വിതരണം ചെയ്യുമെന്ന പ്രചാരണം വ്യാജമാണെന്നും സൈബര്‍ തട്ടിപ്പില്‍ കുടുങ്ങരുതെന്നും വിദ്യാഭ്യാസ മന്ത്രിയുടെ മുന്നറിയിപ്പ്. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്പ് എന്ന് അറിയിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പേരില്‍ അപേക്ഷകരുടെ പേരു വിവരങ്ങള്‍ അടക്കം ശേഖരിച്ചുകൊണ്ട് ഒരു സൈബര്‍ തട്ടിപ്പിന് ശ്രമം നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.

പൊതുജനങ്ങള്‍ തട്ടിപ്പിന് ഇരയാകുന്നത് തടയാന്‍ അതിവേഗം നടപടികള്‍ കൈക്കൊള്ളാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയതായും മന്ത്രി അറിയിച്ചു. സാധാരണ ജനങ്ങളിലേക്ക് വാട്ട്‌സ്ആപ്പ് സന്ദേശം വഴിയാണ് ഈ ലിങ്ക് എത്തുന്നത്. വാട്ട്‌സ്ആപ്പ് മെസ്സേജ് വഴി രജിസ്ട്രേഷന്‍ ലിങ്ക് സഹിതമാണ് പ്രചരണം.

വാട്ട്‌സ്ആപ്പ് കൂടാതെ ഫേസ്ബുക്കിലും സന്ദേശം പ്രചരിക്കുന്നുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സര്‍ക്കാരിന്റേയും ഔദ്യോഗിക ചിഹ്നങ്ങള്‍ ഉപയോഗിച്ചാണ് സന്ദേശം പ്രചരിപ്പിക്കുന്നത് എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വഞ്ചിതരാകാതിരിക്കണമെന്നും ജാഗ്രത വേണമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

You may also like

Leave a Comment