ആയമാരുടെ ക്രൂരത: കുളിപ്പിച്ചപ്പോള്‍ കുഞ്ഞിന് നീറി, പരിശോധിച്ചപ്പോള്‍ രഹസ്യ ഭാഗത്തടക്കം മുറിവ്; 7 പേരെ പുറത്താക്കി
തിരുവനന്തപുരം: തിരുവനന്തപുരത്ത് ശിശുക്ഷേമ സമിതിയില്‍ കുഞ്ഞിന് ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ച സംഭവത്തില്‍ ഏഴ് പേരെ പുറത്താക്കി. രണ്ടര വയസുകാരിയെ മുറിവേല്‍പ്പിച്ച മൂന്ന് പ്രതികളെയും ഒരാഴ്ചക്കാലം കുട്ടിയെ പരിചരിച്ച മറ്റ് നാല് ആയമാരെയുമാണ് പുറത്താക്കിയത്. നഖംകൊണ്ട് നുള്ളിയാണ് രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തിലും പിന്‍ഭാഗത്തും മുറിവേല്‍പ്പിച്ചത്. സംഭവത്തില്‍ അജിത, മഹേശ്വരി, സിന്ധു എന്നീ ആയമാരെ പോക്‌സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്ന് പേരും താല്‍ക്കാലിക ജീവനക്കാരാണ്. പുറത്താക്കപ്പെട്ട മറ്റുള്ളവരും താത്കാലിക ജീവനക്കാരാണ്.
അമ്മയുടെ മരണത്തിന് പിന്നാലെ അച്ഛനും ജീവനൊടുക്കിയതിനെ തുടര്‍ന്ന് അനാഥരാക്കപ്പെട്ട സഹോദരിമാരില്‍ ഒരാള്‍ക്കാണ് ശിശുക്ഷേമ സമിതിയില്‍ ദുരനുഭവം ഉണ്ടായത്. കുഞ്ഞ് കിടക്കയില്‍ മൂത്രമൊഴിച്ചതിനാണ് ആയമാര്‍ നുള്ളി മുറിവേല്‍പ്പിച്ചത്. സ്ഥിരമായി കുഞ്ഞിനെ പരിചരിച്ച ആയമാര്‍ മൂന്ന് പേരുമല്ലാതെ നാലാമതൊരാള്‍ ഒരു ദിവസം കുഞ്ഞിനെ കുളിപ്പിച്ചു. ഈ സമയത്ത് രഹസ്യഭാഗത്ത് വെള്ളം വീണതോടെ നീറ്റല്‍ അനുഭവപ്പെട്ട് കുഞ്ഞ് കരഞ്ഞു. കുളിപ്പിച്ച ആയ കുഞ്ഞിന്റെ ശരീരം പരിശോധിക്കുകയും മുറിവുകള്‍ കണ്ടെത്തുകയുമായിരുന്നു. പിന്നാലെ വിവരം ശിശുക്ഷേമ സമിതിയിലെ ഉന്നതരെ അറിയിച്ചു. കുഞ്ഞിനെ തൈക്കാട് ആശുപത്രിയില്‍ പരിശോധനക്ക് വിധേയമാക്കുകയും വിവരം പൊലീസില്‍ അറിയിക്കുകയും ചെയ്തു. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയാണ് വിവരം പൊലീസിനെ അറിയിച്ചത്.
മ്യൂസിയം പൊലീസ് സ്ഥലത്തെത്തി ചോദ്യം ചെയ്തപ്പോള്‍ കുഞ്ഞിനെ പരിചരിച്ച ആയമാരില്‍ മൂന്ന് പേര്‍ കുറ്റസമ്മതം നടത്തി. പിന്നാലെയായിരുന്നു അറസ്റ്റ്. ഇന്നലെയാണ് സംഭവത്തില്‍ പൊലീസ് കേസെടുത്തത്. പൊലീസ് വിശദമായ പരിശോധനയും മൊഴിയെടുപ്പും നടത്തിയാണ് മൂന്ന് ആയമാരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ അജിതയാണ് ജനനേന്ദ്രിയത്തില്‍ നുള്ളി മുറിവേല്‍പ്പിച്ചത് എന്നാണ് പൊലീസ് പറയുന്നത്. മറ്റ് രണ്ട് പേരും കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ട്. വിവരം മറച്ചുവച്ചതിനും കേസുണ്ട്. മൂന്ന് പേര്‍ക്കും എതിരെ പോക്‌സോ ചുമത്തി.
അമ്മ മരിച്ച് 16 ദിവസം തികയും മുന്‍പ് അച്ഛന്‍ ജീവനൊടുക്കുകയും ചെയ്തതോടെയാണ് രണ്ടര വയസ്സുകാരിയും ഒരു വയസ്സുള്ള അനിയത്തിയും ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലേക്ക് എത്തുന്നത്. കുട്ടി സ്ഥിരമായി കിടക്കയില്‍ മൂത്രമൊഴിക്കുന്നതിനാലാണ് ഉപദ്രവിച്ചതെന്ന് അറസ്റ്റിലായവര്‍ പൊലീസിന് മൊഴി നല്‍കി. അറസ്റ്റിലായ മൂന്ന് പേരും കഴിഞ്ഞ അഞ്ച് വര്‍ഷമായി ശിശുക്ഷേമ സമിതിയില്‍ താത്കാലിക ജീവനക്കാരാണ് . മതിയായ പരിശീലനം ലഭിച്ചവരെയാണ് ആയമാരായി നിയമിക്കുന്നതെന്നാണ് സമിതി വിശദീകരിക്കുന്നത്.