ഡോളറിന് മുന്നില്‍ തകര്‍ന്നടിഞ്ഞ് രൂപ; 95.39ല്‍ എത്തി, 2026ല്‍ ഇതുവരെ 4.5% ഇടിവ്

ഡോളറിന് മുന്നില്‍ തകര്‍ന്നടിഞ്ഞ് രൂപ; 95.39ല്‍ എത്തി, 2026ല്‍ ഇതുവരെ 4.5% ഇടിവ്

അമേരിക്കന്‍ ഡോളറിനെതിരെ 95.39 എന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ് രൂപ. ഗള്‍ഫ് മേഖലയില്‍ ഇറാന്‍ നടത്തിയ ആക്രമണങ്ങളും അതേ തുടര്‍ന്നുണ്ടായ ക്രൂഡ് വില വര്‍ധനയുമാണ് രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് പിന്നില്‍. മുന്‍പ് രേഖപ്പെടുത്തിയ 95.23 എന്ന റെക്കോര്‍ഡിന് പിന്നാലെയാണ് ഈ പുതിയ ഇടിവ്. ഇതോടെ 2026 ല്‍ ഇതുവരെ രൂപയുടെ മൂല്യത്തില്‍ 4.5% ഇടിവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്

ഇടിവിന് പിന്നില്‍

ഇറാന്‍-അമേരിക്ക സംഘര്‍ഷം തുടരുന്നത് മൂലം എണ്ണവിലകളില്‍ വലിയ ചാഞ്ചാട്ടം തുടരുകയാണ്. പ്രത്യേകിച്ച് ഹോര്‍മൂസ് കടലിടുക്ക് മേഖലയിലെ സംഘര്‍ഷം സമാധാന ചര്‍ച്ചകള്‍ക്കുള്ള സാധ്യത കുറയ്ക്കുകയും എണ്ണ വിതരണത്തെ ബാധിക്കുമെന്ന ഭീതി വര്‍ധിപ്പിക്കുകയും ചെയ്തു. സ്വാഭാവികമായും ഇത് ഡോളറിലേക്കുള്ള നിക്ഷേപം കൂട്ടും. ഇതോടെ രൂപയുടെ മൂല്യം ഇടിയുന്നതിലേക്കും കാരണമായി.

വിദേശ നിക്ഷേപകര്‍ വിപണിയില്‍ നിന്ന് വന്‍തോതില്‍ പണം പിന്‍വലിക്കുന്നതും ധന കമ്മിയും പണപ്പെരുപ്പ ഭീഷണിയും എല്ലാം സമ്പദ്വ്യവസ്ഥയെ സമ്മര്‍ദത്തിലാക്കുന്നുണ്ട്. 2026 മാര്‍ച്ചിനും മെയ് മാസത്തിനും ഇടയില്‍ 20 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള ഇന്ത്യന്‍ ഓഹരികള്‍ അവര്‍ വിറ്റഴിച്ചു.

അമേരിക്കയുടെ മൊത്തം പൊതുകടം രാജ്യത്തിന്റെ GDP-യെ മറികടന്നിരിക്കുകയാണ്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായാണ് ഇത്തരമൊരു സ്ഥിതി ഉണ്ടാകുന്നത്. ഇത് ആഗോള വിപണികളില്‍ ആശങ്കയും അനിശ്ചിതത്വവും സൃഷ്ടിച്ചു.ഇതിനൊപ്പം ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ എത്രകാലം ഉയര്‍ന്ന നിലയില്‍ തുടരണമെന്ന കാര്യത്തിലും വ്യക്തതയില്ലാത്ത അവസ്ഥ നിലനില്‍ക്കുന്നുണ്ട്.

വിദഗ്ധരുടെ അഭിപ്രായത്തില്‍, ക്രൂഡ് ഓയില്‍ വിലയും കറന്‍സി വിപണിയും പ്രധാനമായും ഭൗമരാഷ്ട്രീയ സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും. ഇറാന്‍-അമേരിക്ക സംഘര്‍ഷം കൂടുതല്‍ രൂക്ഷമായാല്‍ എണ്ണവിലയും ഡോളര്‍ ശക്തിയും കൂടാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ വരാനിരിക്കുന്ന നാളുകള്‍ ഓഹരിവിപണികള്‍ക്കും നിര്‍ണായകമാണ്.

Scroll to Top