സന്ദീപ് വാര്യരുടെ റോഡ് ഷോക്കിടെ സംഘര്‍ഷത്തില്‍ 180 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ പടന്ന കടപ്പുറത്താണ് സംഘര്‍ഷം ഉണ്ടായത്. സന്ദീപ് വാര്യരുടെ റോഡ്‌ഷോ പടന്ന കടപ്പുറം എത്തിയപ്പോള്‍ റോഡ് ബ്ലോക്കിയതിനെ ചെല്ലിയുള്ള തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
100 യു ഡി എഫ് പ്രവര്‍ത്തകര്‍ക്കെതിരെയും 80 സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെയുമാണ് കേസെടുത്തത്. ആദ്യം ഇരുഭാഗത്തുനിന്നും കല്ലേറുണ്ടായി, തുടര്‍ന്ന് പ്രദേശത്തെ സിപിഐഎം ഓഫീസ് ആക്രമിക്കപ്പെട്ടു. അക്രമികളെ പൊലീസ് എത്തി ലാത്തിവീശി ഓടിക്കുകയായിരുന്നു. തുടര്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
കല്ലേറിലും ലാത്തി ചാര്‍ജിലും നിരവധിപേര്‍ക്ക് പരുക്കേറ്റു. പടന്നക്കടപ്പുറം ലോക്കല്‍ കമ്മിറ്റി ഓഫീസായി പ്രവര്‍ത്തിക്കുന്ന പി പി ദാമോദരന്‍ സ്മാരക മന്ദിരം അടിച്ചു തകര്‍ത്തതായി പരാതിയുണ്ട്. യുഡിഎഫ് സ്ഥാനാര്‍ഥി സന്ദീപ് വാര്യരുടെ സ്വീകരണത്തിനായെത്തിയ യുഎഡിഎഫ് പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്നാണ് പരാതി.




