അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടന്നു, കേരളത്തിലെ കാര്യത്തില്‍ മാത്രം ഇത്ര ചര്‍ച്ച എന്തിന്?: രമേശ് ചെന്നിത്തല

അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടന്നു, കേരളത്തിലെ കാര്യത്തില്‍ മാത്രം ഇത്ര ചര്‍ച്ച എന്തിന്?: രമേശ് ചെന്നിത്തല

തിരുവനന്തപുരം: താന്‍ ഡല്‍ഹിയില്‍ പോയത് കേരളത്തിലെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനല്ലെന്നും മഹാരാഷ്ട്ര പുനഃസംഘടനാ വിഷയം ചര്‍ച്ച ചെയ്യനാണെന്നും മുതിര്‍ന്ന കോണ്‍?ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ ചരിത്രപരമായ വിജയത്തില്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും അഭിനന്ദനം അറിയിച്ചുവെന്നും എല്ലാ പ്രവര്‍ത്തകരോടും അഭിനന്ദനം അറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കേരളത്തിലെ കാര്യങ്ങളില്‍ നിരീക്ഷകര്‍ റിപ്പോര്‍ട്ട് നല്‍കും. അതില്‍ ഹൈക്കമാന്‍ഡ് തീരുമാനം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിരീക്ഷകര്‍ അവരുടെ യുക്തി അനുസരിച്ച് കാര്യങ്ങള്‍ ചെയ്യും. അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടന്നു. കേരളത്തിലെ കാര്യത്തില്‍ മാത്രം എന്തിനാണ് ഇത്ര ചര്‍ച്ചയെന്നും രമേശ് ചെന്നിത്തല ചോദിച്ചു. കോണ്‍ഗ്രസിന് പാര്‍ട്ടിയുടെ രീതികള്‍ ഉണ്ട്. അത് അനുസരിച്ച് തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം എഐസിസി നിരീക്ഷകര്‍ ആയ മുകുള്‍ വാസ്നിക്, അജയ് മാക്കന്‍ എന്നിവര്‍ തിരുവനന്തപുരത്ത് എത്തി. മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എംഎല്‍എമാരുമായി ചര്‍ച്ച നടത്തിയതിന് ശേഷം ഹൈക്കമാന്‍ഡിന് കൈമാറും. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതില്‍ എംഎല്‍എമാര്‍ക്ക് രഹസ്യമായി അഭിപ്രായം അറിയിക്കാന്‍ അവസരമൊരുക്കണം എന്ന് വി ഡി സതീശന്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടു. നിരീക്ഷകര്‍ അല്ലാത്തവര്‍ അഭിപ്രായം കേള്‍ക്കേണ്ടതില്ലെന്നാണ് വി ഡി പക്ഷത്തിന്റെ വാദം. കേരളത്തിന്റെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയെ വിശ്വാസമില്ലെന്നാണ് വി ഡി പക്ഷം പറയുന്നത്. എംഎല്‍എമാരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുമ്പോള്‍ ദീപ ദാസ് മുന്‍ഷി ഉണ്ടാകാന്‍ പാടില്ലെന്നാണ് ആവശ്യം. ഇക്കാര്യം വി ഡി സതീശന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Scroll to Top