‘പ്രതിപക്ഷത്തിന് പുതിയ മുഖം വേണം, ഉണ്ടായത് ലജ്ജാകരമായ തോല്‍വി’; പ്രതികരിച്ച് പി സന്തോഷ് കുമാര്‍ എംപി

‘പ്രതിപക്ഷത്തിന് പുതിയ മുഖം വേണം, ഉണ്ടായത് ലജ്ജാകരമായ തോല്‍വി’; പ്രതികരിച്ച് പി സന്തോഷ് കുമാര്‍ എംപി

ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന് പുതിയ മുഖം വേണമെന്ന് സിപിഐ. പി സന്തോഷ് കുമാര്‍ എംപിയാണ് ഇക്കാര്യം പറഞ്ഞത്. തങ്ങള്‍ക്ക് പുതിയ പ്രതിപക്ഷ മുഖങ്ങളെയാണ് ആവശ്യമെന്ന് സന്തോഷ് കുമാര്‍ പറഞ്ഞു. ഐഎഎന്‍എസ് ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് സന്തോഷ് കുമാര്‍ ഇക്കാര്യം പറഞ്ഞത്.

കാരണങ്ങള്‍ എന്തൊക്കെയായാലും തെരഞ്ഞെടുപ്പ് ഫലം അംഗീകരിച്ചേ മതിയാകൂ എന്ന് സന്തോഷ് കുമാര്‍ പറഞ്ഞു. അപമാനകരവും ലജ്ജാകരവുമായ തോല്‍വിയാണ് ഉണ്ടായിരിക്കുന്നത്. തോല്‍വിക്ക് പിന്നില്‍ പല ഘടകങ്ങളുണ്ട്. സര്‍ക്കാരിന്റെ പ്രകടനം ഒരു തരത്തില്‍ മികച്ചതായിരുന്നു. എന്നാല്‍ അതിന് അപ്പുറത്തേക്ക് പല പ്രശ്നങ്ങളും തങ്ങള്‍ക്ക് വേണ്ട രീതിയില്‍ മനസിലാക്കാന്‍ കഴിഞ്ഞില്ല. എല്‍ഡിഎഫ് ഇക്കാര്യങ്ങളെല്ലാം ഗൗരവത്തില്‍ തന്നെ ചര്‍ച്ച ചെയ്യുമെന്നും സന്തോഷ് കുമാര്‍ പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ എല്‍ഡിഎഫിനെ പുതുമുഖങ്ങള്‍ നയിക്കണമെന്നാണ് തന്റെ അഭിപ്രായം. പ്രതിപക്ഷത്ത് പുതുമുഖങ്ങള്‍ വരണം. പ്രതിപക്ഷ നേതാവ് പുതിയ ആളായിരിക്കണം. എല്‍ഡിഎഫിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് കൃത്യമായ പ്ലാനുകള്‍ ഉണ്ടായിരിക്കുമെന്നും സന്തോഷ് കുമാര്‍ പറഞ്ഞു. ഈ സാഹചര്യത്തെ മറികടക്കാന്‍ സാധിക്കുന്ന വിധത്തിലുള്ള നേതാക്കന്മാര്‍ എല്‍ഡിഎഫിലുണ്ടെന്നും സന്തോഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകില്ല എന്നാണ് പുറത്തുവരുന്ന വിവരം. ആരോഗ്യപ്രശ്നങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടി മാറി നില്‍ക്കുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ കേന്ദ്ര കമ്മിറ്റി അംഗം കെ എന്‍ ബാലഗോപാല്‍ പ്രതിപക്ഷ നേതാവാകാനാണ് സാധ്യത.

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിയാണ് എല്‍ഡിഎഫ് നേരിട്ടത്. യുഡിഎഫ് 102 സീറ്റില്‍ വിജയിച്ച് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. എല്‍ഡിഎഫിന് 35 സീറ്റാണ് ലഭിച്ചത്. സംസ്ഥാനത്തിന്റ ചരിത്രത്തിലാദ്യമായി എന്‍ഡിഎയ്ക്ക് മൂന്ന് സീറ്റും ലഭിച്ചു. കോണ്‍ഗ്രസ്-63, മുസ്ലിം ലീഗ്-22, കേരളാ കോണ്‍ഗ്രസ്-7, സ്വതന്ത്രര്‍-4, ആര്‍എസ്പി-3, ആര്‍എംപി-1, കേരള കോണ്‍ഗ്രസ് ജേക്കബ്-1, സിഎംപി-1 എന്നിങ്ങനെയാണ് യുഡിഎഫിന്റെ വോട്ട് നില. സിപിഐഎം-26, സിപിഐ-8, ആര്‍ജെഡി-1 എന്നിങ്ങനെയാണ് എല്‍ഡിഎഫ് വോട്ട് നില. ബിജെപി നേമം, കഴക്കൂട്ടം, ചാത്തന്നൂര്‍ മണ്ഡലങ്ങളിലാണ് വിജയിച്ചത്.

എല്‍ഡിഎഫിന്റെ 13 മന്ത്രിമാണ് പരാജയപ്പെട്ടത്. പി രാജീവ്, എം ബി രാജേഷ്, വി ശിവന്‍കുട്ടി, വി എന്‍ വാസവന്‍, ആര്‍ ബിന്ദു, വീണാ ജോര്‍ജ്, ഒ ആര്‍ കേളു, കെ ബി ഗണേഷ്‌കുമാര്‍, ജെ ചിഞ്ചുറാണി, എ കെ ശശീന്ദ്രന്‍, വി അബ്ദുറഹിമാന്‍, റോഷി അഗസ്റ്റിന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നീ മന്ത്രിമാരാണ് പരാജയപ്പെട്ടത്. പിണറായി വിജയന്‍, കെ എന്‍ ബാലഗോപാല്‍, സജി ചെറിയാന്‍, മുഹമ്മദ് റിയാസ്, കെ രാജന്‍, ജി ആര്‍ അനില്‍, പി പ്രസാദ് എന്നിവര്‍ മാത്രമാണ് മന്ത്രിമാരില്‍ വിജയിച്ചത്.

Scroll to Top