വിജയ്യുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തില്‍; നിയമോപദേശം തേടി ഗവര്‍ണര്‍

വിജയ്യുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തില്‍; നിയമോപദേശം തേടി ഗവര്‍ണര്‍

ചെന്നൈ: തമിഴ്നാട് നിയമസഭയില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനുള്ള ടിവികെ അധ്യക്ഷന്‍ വിജയ്യുടെ നീക്കം അനിശ്ചിതത്വത്തില്‍. സര്‍ക്കാര്‍ രൂപീകരിക്കാന്‍ മതിയായ അംഗങ്ങള്‍ ടിവികെയ്ക്ക് ഉണ്ടെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥിനെ ബോധ്യപ്പെടുത്താന്‍ ടിവികെയ്ക്ക് സാധിച്ചില്ല. ഇതോടെ ഗവര്‍ണര്‍ നിയമോപദേശം തേടി. 118 പേരുടെ പട്ടിക ഗവര്‍ണര്‍ ആവശ്യപ്പെടുമെന്നാണ് വിവരം.

നിയമസഭ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി തെരഞ്ഞെടുക്കപ്പെട്ട ടിവികെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ അംഗങ്ങള്‍ ഉണ്ടെന്ന് അവകാശപ്പെട്ടെങ്കിലും വ്യക്തത വേണമെന്ന നിലപാടാണ് ഗവര്‍ണര്‍ സ്വീകരിച്ചതെന്ന് ലോക്ഭവന്‍ വൃത്തങ്ങള്‍ പറയുന്നു. ടിവികെക്ക് 108 എംഎല്‍എമാരാണ് ഉള്ളത്. ഇവര്‍ക്കൊപ്പം പിന്തുണയുമായി അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി ചേര്‍ന്നതോടെ അംഗബലം 112 ആയി ഉയര്‍ന്നു. വിജയ് വിജയിച്ച ഒരു മണ്ഡലം ഒഴിവാക്കിയുള്ള കണക്കാണിത്. എന്നാല്‍ 234 അംഗ അസംബ്ലിയില്‍ ഭൂരിപക്ഷമായ 118 അംഗങ്ങളുടെ പിന്തുണ വേണം. ഇനി ഏത് പാര്‍ട്ടി വിജയുടെ പാര്‍ട്ടിയെ പിന്തുണയ്ക്കും എന്നതില്‍ വ്യക്തത വന്നിട്ടില്ല. രണ്ട് എംഎല്‍എമാരുള്ള വിടുതലൈ ചിരുതൈകള്‍ കക്ഷി ഉള്‍പ്പെടെ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം 118 എംഎല്‍എമാര്‍ ഉണ്ടെന്ന് വ്യക്തമാക്കിയാല്‍ മാത്രമേ സത്യപ്രതിജ്ഞയ്ക്ക് അനുമതി നല്‍കാന്‍ കഴിയൂ എന്ന നിലപാടാണ് ഗവര്‍ണര്‍ സ്വീകരിച്ചിരിക്കുന്നതെന്നാണ് വിവരം. ഇന്ന് ടിവികെ മേധാവിയായ വിജയ്ക്ക് പുറമേ കെ എ സെങ്കോട്ടയ്യന്‍, ബുസി എന്‍ ആനന്ദ്, അരുണ്‍രാജ്, ആദവ് അര്‍ജുന്‍ ഉള്‍പ്പെടെയുള്ളവരാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് ഗവര്‍ണറെ സന്ദര്‍ശിച്ചത്. കൂടിക്കാഴ്ചയില്‍ പാര്‍ട്ടിയുടെ മുഖ്യമന്ത്രി മുഖമായി തന്നെ തെരഞ്ഞെടുത്ത 108 എംഎല്‍എമാരുടെ ഒപ്പടങ്ങിയ വിശദമായ കത്ത് ഗവര്‍ണര്‍ക്ക് വിജയ് കൈമാറി. നാളെ പത്തു മണിക്ക് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനുള്ള അനുമതിയാണ് ഗവര്‍ണറോട് വിജയ് ആവശ്യപ്പെട്ടത്.

Scroll to Top