യുഎഇയില്‍ സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്; രൂപയുടെ മൂല്യത്തിലും ഇടിവ് തുടരുന്നു

യുഎഇയില്‍ സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്; രൂപയുടെ മൂല്യത്തിലും ഇടിവ് തുടരുന്നു

യുഎഇയില്‍ സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്. ഇന്ന് മാത്രം 14 ദിര്‍ഹത്തിലധിമാണ് ഒരു ഗ്രാം സ്വര്‍ണ്ണത്തിന് വില കൂടിയത്. ആഗോള വിപണിയിലെ മാറ്റങ്ങളെത്തുടര്‍ന്നാണ് സ്വര്‍ണവിലയിലെ മാറ്റം. അതിനിടെ രൂപയുടെ മൂല്യത്തില്‍ ഇടിവ് തുടരുകയാണ്. വരും ദിവസങ്ങളിലും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

യുഎഇയില്‍ ഇന്നലെ വൈകിട്ട് വ്യാപാരം അവസാനിക്കുമ്പോള്‍ ഒരു ഗ്രാം 24 കാരറ്റ് സ്വര്‍ണ്ണത്തിന് 548.50 ദിര്‍ഹമായിരുന്നു വില. എന്നാല്‍ ഇന്ന് വിപണി ആരംഭിച്ചപ്പോള്‍ ഇത് 560 ആയി ഉയര്‍ന്നു. ഉച്ചകഴിഞ്ഞപ്പോള്‍ 562.75 ദിര്‍ഹമായും വര്‍ദ്ധിച്ചു. ഇന്ന് മാത്രം ഗ്രാമിന് കൂടിയത് 14 ദിര്‍ഹത്തിലധികമാണ്. 562.75 ദിര്‍ഹത്തിനാണ് ഇപ്പോള്‍ വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോള്‍ സ്വര്‍ണവില എത്തിനില്‍ക്കുന്നത്.

22 കാരറ്റ് സ്വര്‍ണ്ണത്തിന് 521 ദിര്‍ഹമാണ് ഇപ്പോഴത്തെ വില. ഇന്നലെ ഇത് 508 ദിര്‍ഹമായിരുന്നു. 21 കാരറ്റിന് 499.50 ദിര്‍ഹം, 18 കാരറ്റിന് 428.25 ദിര്‍ഹം എന്നിങ്ങനെയാണ് മറ്റ് വിലവിവരം. ഈ മാസത്തിന്റെ തുടക്കം മുതല്‍ സ്വര്‍ണ്ണവിലയില്‍ വലിയ ചാഞ്ചാട്ടമാണ് ദൃശ്യമാകുന്നത്. മെയ് ഒന്നിന് 24 കാരറ്റിന് 557.50 ദിര്‍ഹമായിരുന്നു വില. നാലിന് ഇത് 546 ദിര്‍ഹത്തിലേക്ക് താഴ്ന്നു

അമേരിക്കയും ഇറാനും തമ്മിലുള്ള ചര്‍ച്ചകളില്‍ പുരോഗതിയുണ്ടായെന്ന വാര്‍ത്തകളും ഡോളറിന്റെ മൂല്യത്തിലുണ്ടായ ഇടിവുമാണ് സ്വര്‍ണ്ണവില ഉയരാന്‍ കാരണമായത്. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ആഗോള വിപണിയില്‍ സ്വര്‍ണ്ണവില ഔണ്‍സിന് 4,630 ഡോളര്‍ എന്ന നിലവാരത്തിലേക്ക് ഉയര്‍ന്നു. അതേസമയം രൂപയുടെ തകര്‍ച്ച തുടരുകയാണ്.

Scroll to Top