എഐസിസി നിരീക്ഷകരുടെ പട്ടിക; തന്റെ നിര്‍ദേശം രേഖപ്പെടുത്തിയിട്ടില്ലെന്ന് ഉദുമ എംഎല്‍എ കെ നീലകണ്ഠന്‍

തിരുവനന്തപുരം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രിപ്പോരില്‍ പുതിയ വിവാദം. എംഎല്‍എമാരുടെ പിന്തുണ സംബന്ധിച്ച് പുറത്ത് വന്ന രേഖയെ ചൊല്ലിയാണ് പുതിയ വിവാദം. മുഖ്യമന്ത്രി ആരാകണമെന്ന് സംബന്ധിച്ച് കൃത്യമായ അഭിപ്രായം പറഞ്ഞതാണെന്ന് ഉദുമ എംഎല്‍എ കെ നീലകണ്ഠന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നിട്ടും രേഖയില്‍ ബ്ലാങ്ക് വന്നത് എങ്ങനെ എന്ന് അറിയില്ല. ഇന്ന് രാവിലെ പ്രതിപക്ഷ നേതാവുമായി സംസാരിച്ചു. മുകുള്‍ വാസ്‌നിക്കിനും അജയ് മാക്കനും ഇത് സംബന്ധിച്ച് പരാതി മെയില്‍ ചെയ്തുവെന്നും കെ നീലകണ്ഠന്‍ വ്യക്തമാക്കി.

അതേസമയം, എഐസിസി നിരീക്ഷകര്‍ വ്യാഴാഴ്ച നടത്തിയ വ്യക്തിഗത കൂടിക്കാഴ്ചയില്‍, തിരഞ്ഞെടുക്കപ്പെട്ട 63 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 47 പേരും വേണുഗോപാലിന്റെ പേരാണ് നിര്‍ദ്ദേശിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നുവെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സണ്ണി ജോസഫിനെ കൂടാതെ സന്ദീപ് ജി വാര്യര്‍, സജീവ് ജോസഫ്, ടി ഒ മോഹന്‍, ഉഷാ വിജയന്‍ തുടങ്ങിയവരും വേണുഗോപാലിനെ പിന്തുണച്ചുവെന്നാണ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിലാണ് നീലകണ്ഠന്റെ പേരിനൊപ്പം ആര്‍ക്ക് പിന്തുണയെന്ന് ഒഴിച്ചിട്ടിട്ടുള്ളത്. എന്നാല്‍ മുഖ്യമന്ത്രി പദത്തിലേക്ക് ശക്തമായി രംഗത്തുള്ള രമേശ് ചെന്നിത്തലയ്ക്ക് കനത്ത തിരിച്ചടിയാണ് എംഎല്‍എമാരുടെ നിലപാട് നല്‍കുന്നത്. ചെന്നിത്തലയുടെ വിശ്വസ്തനായി അറിയപ്പെടുന്ന ഐ സി ബാലകൃഷ്ണന്‍ പോലും വേണുഗോപാലിനെയും ചെന്നിത്തലയെയും ഒരേപോലെ പിന്തുണച്ചതായാണ് റിപ്പോര്‍ട്ട്. ചെന്നിത്തലയ്ക്ക് എട്ട് എംഎല്‍എമാരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. ജനപ്രിയ മുഖമായി ഉയര്‍ത്തിക്കാട്ടപ്പെട്ട പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ആറ് എംഎല്‍എമാര്‍ പിന്തുണച്ചു. സതീശനും ചെന്നിത്തലയും നിരീക്ഷകരെ കണ്ട് തങ്ങളുടെ അവകാശവാദങ്ങള്‍ ഉന്നയിച്ചപ്പോള്‍ കെ സി വേണുഗോപാല്‍ കൂടിക്കാഴ്ചയില്‍ നിന്ന് വിട്ടുനിന്നിരുന്നു.

അടുത്ത മുഖ്യമന്ത്രിയെ നാമനിര്‍ദ്ദേശം ചെയ്യാന്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ഐകകണ്‌ഠ്യേന മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ശനിയാഴ്ചയോ ഞായറാഴ്ചയോ പ്രഖ്യാപനം ഉണ്ടായേക്കും. തുടര്‍ന്ന് രണ്ട് ദിവസത്തിനകം പുതിയ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിനിടെ യുഡിഎഫ് ഘടകകക്ഷികളും സമവായത്തിനായുള്ള ശ്രമങ്ങള്‍ തുടരുകയാണ്. വി ഡി സതീശന് വേണ്ടി വാദിക്കുന്ന മുസ്ലിം ലീഗ്, ഹൈക്കമാന്‍ഡ് തീരുമാനം വന്ന ശേഷം തങ്ങളുടെ നിലപാട് വ്യക്തമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇത് മുന്നണി മര്യാദകളുടെ ലംഘനമാണെന്ന വിമര്‍ശനം ഇതിനകം തന്നെ ലീഗിനുള്ളില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്.

Scroll to Top