കേരളവിഷന്‍ കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സ്ഥാപക പ്രസിഡന്റായിരുന്ന എന്‍.എച്ച് അന്‍വറിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്തു

കേരളവിഷന്‍ കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സ്ഥാപക പ്രസിഡന്റായിരുന്ന എന്‍.എച്ച് അന്‍വറിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്തു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ എംവി നികേഷ്‌കുമാറിന് നല്കി. എന്‍.എച്ച് അന്‍വര്‍ അനുസ്മരണവും സെമിനാറും പരിപാടിയുടെ ഭാഗമായി നടന്നു.

കേരളവിഷന്‍ കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ സ്ഥാപക പ്രസിഡന്റായിരുന്ന എന്‍.എച്ച് അന്‍വറിന്റെ സ്മരണയ്ക്കായി എന്‍.എച്ച് അന്‍വര്‍ ട്രസ്റ്റ് നല്കിവരുന്ന മാധ്യമപുരസ്‌കാരങ്ങളാണ് കൊച്ചിയില്‍ വിതരണം ചെയ്തത്. പുതിയ കാലത്തിന്റെ വെല്ലുവിളികളെ പുതിയ ഉള്ളടക്കങ്ങള്‍ കണ്ട് നേരിടുന്നതാണ് മാധ്യമ പ്രവര്‍ത്തനമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ സിഎല്‍ തോമസ് പറഞ്ഞു

പ്രശസ്ത എഴുത്തുകാരന്‍ പ്രൊഫസര്‍ വി.എസ് അനില്‍കുമാര്‍ എന്‍.എച്ച് അന്‍വര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

മലയാളത്തിലെ തത്സമയ വാര്‍ത്താ മാധ്യമരംഗത്ത് വിപ്ലവകരമായ കുതിപ്പുകള്‍ സാധ്യമാക്കിയ എംവി നികേഷ് കുമാറിന് സമഗ്ര സംഭാവനയ്ക്കുള്ള ആജീവനാന്ത പുരസ്‌കാരം നല്കി.

സാറ്റലൈറ്റ് ചാനലുകളുടെ വിഭാഗത്തില്‍ സ്ത്രീ ശാക്തീകരണം എന്ന വിഷയത്തിലധിഷ്ഠിതമായ മികച്ച റിപ്പോര്‍ട്ടിന് 24ന്യൂസ് ചാനലിലെ മുഹമ്മദ് റാഹീസ് അര്‍ഹനായി. റാഹീസിന്റെ അസാന്നിധ്യത്തില്‍ 24 ന്യൂസ് പ്രതിനിധി പുരസ്‌കാരം ഏറ്റുവാങ്ങി.

കേബിള്‍ വിഭാഗത്തില്‍ മികച്ച ന്യൂസ് സ്റ്റോറിക്കുള്ള പുരസ്‌കാരത്തിന് പയ്യന്നൂര്‍ നെറ്റ് വര്‍ക്ക് ചാനലിലെ സുധ സുരേന്ദ്രന്‍ അര്‍ഹയായി. പ്രണയം തകര്‍ത്ത ജീവിതം എന്ന സ്റ്റോറിക്കാണ് പുരസ്‌കാരം

കേബിള്‍ വിഭാഗത്തിലെ മികച്ച ക്യാമറപേഴ്സണ്‍ ആയി തെരഞ്ഞെടുക്കപ്പെട്ടത് ദൃശ്യ ടിവിയിലെ നെല്‍സണ്‍ മാന്തുരുത്തിയാണ്.

വയനാട് വിഷന്‍ ചാനലിലെ സഞ്ജയ് ശങ്കരനാരായണന്‍ മികച്ച എഡിറ്റര്‍ക്കുള്ള പുരസ്‌കാരം നേടി

സിഒഎ സംസ്ഥാന പ്രസിഡന്റ് പ്രവീണ്‍ മോഹന്‍ അധ്യക്ഷനായ ചടങ്ങില്‍ കേരള ഇന്‍ഫോ മീഡിയ സിഇഒ എന്‍. ഇ ഹരികുമാര്‍ ജൂറി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എന്‍എച്ച് അന്‍വര്‍ ട്രസ്റ്റ് ചെയര്‍മാന്‍ അബൂബക്കര്‍ സിദ്ദിഖ് സ്വാഗതം പറഞ്ഞ പരിപാടിയില്‍ ട്രസ്റ്റ് സെക്രട്ടറി വിജയകൃഷ്ണന്‍ കെ, ട്രസ്റ്റ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സിഒഎ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ബി സുരേഷ്, ട്രഷറര്‍ ബിനു ശിവദാസ്, കേരളവിഷന്‍ ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എംഡി കെ. ഗോവിന്ദന്‍, അന്‍വര്‍ ട്രസ്റ്റ് ട്രഷറര്‍ കെ.വി രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

Scroll to Top