കുണിയയില്‍ ‘സമന്വയ 2026’ന് ആവേശകരമായ തുടക്കം

എസ്.പി.സി ജില്ലാ സഹവാസ ക്യാമ്പ് ക്രൈം ബ്രാഞ്ച് എസ്.പി ഉദ്ഘാടനം ചെയ്തു

കുണിയ: നിയമബോധവും പരിസ്ഥിതി സ്‌നേഹവുമുള്ള ഉത്തരവാദിത്തബോധമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) ജില്ലാ സഹവാസ ക്യാമ്പിന് കുണിയയില്‍ തുടക്കമായി. കുണിയ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷനില്‍ വച്ച് നടക്കുന്ന നാല് ദിവസത്തെ ക്യാമ്പ് ക്രൈം ബ്രാഞ്ച് എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവരായി വിദ്യാര്‍ത്ഥികള്‍ വളരണമെന്ന് അദ്ദേഹം പറഞ്ഞു. ‘ചേര്‍ത്തുപിടിക്കേണ്ടവരെ ചേര്‍ത്തുനിര്‍ത്തുമ്പോഴാണ് നമ്മുടെ സാമൂഹിക ഉത്തരവാദിത്തം പൂര്‍ണ്ണമാകുന്നത്,’ അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചു.

കുണിയ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ വേദിയാകുന്ന ‘സമന്വയ 2026’ എന്ന് പേരിട്ടിരിക്കുന്ന ഈ ക്യാമ്പില്‍ ജില്ലയിലെ 43 സ്‌കൂളുകളില്‍ നിന്നായി 250 കേഡറ്റുകളാണ് പങ്കെടുക്കുന്നത്. നാല് ദിവസത്തെ പരിശീലന പരിപാടികള്‍ക്ക് ശേഷം മെയ് 15-ന് ക്യാമ്പ് സമാപിക്കും.
രോഹിത് രാജ് കെ.എസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ. ലക്ഷ്മിഭായ് പി.എസ് മുഖ്യപ്രഭാഷണം നടത്തി. ബേക്കല്‍ ഡിവൈഎസ്പി എം.പി ആസാദ്, കാസറഗോഡ് ഹെഡ് ക്വാര്‍ട്ടേഴ്സ് ആര്‍.ഐ ജയകുമാര്‍, കെസിഎംഎംഎഫ് ഡയറക്ടര്‍ പി പി നാരായണന്‍ തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. ആഭ്യന്തര-വിദ്യാഭ്യാസ വകുപ്പുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് ഗതാഗതം, എക്സൈസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, തദ്ദേശ സ്വയംഭരണം തുടങ്ങിയ വിവിധ വകുപ്പുകളുടെ പൂര്‍ണ്ണ പിന്തുണയുണ്ട്.

ഓരോ ദിവസവും 20 അധ്യാപകരും പോലീസ് ഉദ്യോഗസ്ഥരും കേഡറ്റുകളെ നയിക്കാന്‍ ക്യാമ്പിലുണ്ടാകും. എസ്.പി.സി നോഡല്‍ ഓഫീസര്‍ അഡീഷണല്‍ എസ്.പി ദേവദാസന്‍ സി.എം സ്വാഗതവും, അഡീഷണല്‍ നോഡല്‍ ഓഫീസര്‍ ടി. തമ്പാന്‍ നന്ദിയും രേഖപ്പെടുത്തി. വരും ദിവസങ്ങളില്‍ കേഡറ്റുകള്‍ക്കായി വിവിധ പരിശീലന പരിപാടികളും ക്ലാസുകളും ക്യാമ്പിന്റെ ഭാഗമായി നടക്കും.

Scroll to Top