‘എല്ലാവര്‍ക്കും നന്ദി, എന്നെ ഞാനാക്കിയത് ടീം യുഡിഎഫ്’; പുതുയുഗ സൃഷ്ടിക്ക് കഠിനാധ്വാനം ചെയ്യുമെന്ന് വി ഡി സതീശന്‍

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ മാധ്യമങ്ങളുമായി സംസാരിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍. കോണ്‍ഗ്രസ് പാര്‍ട്ടിക്കും നേതാക്കള്‍ക്കും ജനങ്ങള്‍ക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി. പുതുകേരളം കെട്ടിപ്പടുക്കാന്‍ ടീം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം: ടീം യുഡിഎഫിന് നന്ദി പറഞ്ഞ് നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്‍. കോണ്‍ഗ്രസ് പാര്‍ട്ടി ഏല്‍പ്പിച്ച വലിയ ഉത്തരവാദിത്തമാണ് ഇതെന്നും മുഖ്യമന്ത്രി പദം ഒരു ദൈവ നിയോഗമായിട്ട് കാണുന്നുവെന്നും സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എഐസിസിസിക്കും രാഹുല്‍ ഗാന്ധിക്കും കെ സി വേണുഗോപാലിനും രമേശ് ചെന്നിത്തലയ്ക്കും അദ്ദേഹം നന്ദി പറഞ്ഞു. ചെന്നിത്തലയും കെസിയും തനിക്ക് ഏറെ പ്രിയങ്കരനായ നേതാക്കളാണെന്നും പുതുകേരളം കെട്ടിപ്പടുക്കാന്‍ ടീം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സതീശനെ കേരള മുഖ്യമന്ത്രിയായി ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി സ്ഥാനം കിട്ടിയിട്ടും ടീം എന്ന് ആവര്‍ത്തിച്ചു വിഡി സതീശന്‍. എന്നെ ഞാനാക്കിയത് ടീം യുഡിഎഫാണ്. ജനം ഏല്‍പ്പിച്ചത് വലിയ ഉത്തരവാദിത്തമാണ് ഇത്. ജനങ്ങളോട് പറഞ്ഞതെല്ലാം ഒന്നൊന്നായി നടത്തും. പുതുയുഗ സൃഷ്ടിക്ക് കഠിനാധ്വാനം ചെയ്യുമെന്നും പൊതു പ്രവര്‍ത്തനത്തിന്റേയും രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റേയും നിര്‍വ്വചനം മാറ്റി എഴുതുമെന്നം വിഡി സതീശന്‍ പ്രതികരിച്ചു. കേരളത്തിലെ പ്രവര്‍ത്തനം ഏകോപിപ്പിച്ചത് കെസി വേണുഗോപാലാണ്. എന്റെ നേതാവ് കൂടിയാണ് രമേശ് ചെന്നിത്തല. എല്ലാവരോടും നന്ദി അറിയിക്കുന്നുവെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. കേരളം കടന്ന് പോകുന്നത് സങ്കീര്‍ണ്ണ സാഹചര്യത്തിലൂടെയാണ്. എനിക്ക് ഒരാള്‍ക്ക് ഒറ്റക്ക് ഒന്നും ചെയ്യാനാകില്ല. എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Scroll to Top