സ്‌ക്കൂള്‍ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കും- ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം ചേര്‍ന്നു
ജില്ലാ ആശുപത്രിയില്‍ രോഗികള്‍ക്ക് പ്രഭാതഭക്ഷണം നല്‍കുന്ന പദ്ധതി ജൂണ്‍ ഒന്നുമുതല്‍ ആരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാം പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നു നിര്‍ദ്ദേശം നല്‍കി. സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് അടിയന്തരമായി സ്‌കൂള്‍ കെട്ടിടങ്ങളുടെ സുരക്ഷ പരിശോധിച്ച് ഫിറ്റ്നസ് നല്‍കാനും മണ്‍സൂണിന് മുന്‍പ് അപകടകരമായി കെട്ടിടത്തിന് സമീപം നില്‍ക്കുന്ന മരങ്ങള്‍ മുറിക്കാനുമുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിര്‍ദേശം നല്‍കി. സ്‌കൂള്‍ കെട്ടിടത്തിനോട് ചേര്‍ന്നു നില്‍ക്കുന്ന കാടുവെട്ടിത്തളിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ 25നുള്ളില്‍ പൂര്‍ത്തിയാക്കണം. സുരക്ഷാ വീഴ്ചയുള്ള സ്‌കൂള്‍ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കം ചെയ്യാന്‍ തദ്ദേശസ്വയംഭരണ വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. നടപ്പ് സാമ്പത്തിക വര്‍ഷത്തെ പദ്ധതികള്‍ ഈ വര്‍ഷം തന്നെ പൂര്‍ത്തീകരിക്കണം. പുതിയ പദ്ധതികളുടെ എസ്റ്റിമേറ്റ് അടുത്ത മാസം (ജൂണ്‍) ജില്ലാ പഞ്ചായത്ത് ഓഫീസില്‍ ലഭിക്കണം.
വിദ്യാഭ്യാസ മേഖലയില്‍ ജില്ലാ പഞ്ചായത്ത് വിളിക്കുന്ന യോഗങ്ങളില്‍ ഇനിമുതല്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പാള്‍മാരും പങ്കെടുക്കണം, അതിനുള്ള നടപടികള്‍ ഏര്‍പ്പാടാക്കും. ജില്ലാ പഞ്ചായത്തിന്റെ ഓക്സിജന്‍ പ്ലാന്റ് നടത്തിപ്പിന് ഏജന്‍സികളെ ക്ഷണിച്ച് ക്വട്ടേഷന്‍ നല്‍കിയിട്ടുണ്ടെന്നും യോഗത്തില്‍ അറിയിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ സോയ, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഇര്‍ഫാന ഇഖ്ബാല്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കൃഷ്ണന്‍ ഒക്ലാവ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റീന തോമസ്, ആരോഗ്യകാര്യ സ്റ്റാന്‍ഡ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം മനു, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്.ബിജു, വിവിധ വകുപ്പുകളിലെ ജില്ലാ നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.




