ദുര്‍ഗന്ധവും വിഷപ്പുകയും വമിച്ച് ഒരു നാടിനെ ശ്വാസംമുട്ടിച്ച കാഞ്ഞങ്ങാട് നഗരസഭയുടെ ചെമ്മട്ടംവയല്‍ ട്രെഞ്ചിംഗ് ഗ്രൗണ്ട് ഇനി ഓര്‍മ.
നഗരസഭയുടെ നിശ്ചയദാര്‍ഢ്യവും ശാസ്ത്രീയമായ മാലിന്യസംസ്‌കരണ രീതികളും ഒത്തുചേര്‍ന്നപ്പോള്‍, കാഞ്ഞങ്ങാടിന്റെ വികസനചരിത്രത്തിലെ സുവര്‍ണ്ണ അധ്യായമായി ഈ പ്രദേശം ഹരിതമനോഹര തീരമായി മാറുകയാണ്. 2017-ന് മുന്‍പ് വരെ നഗരസഭയിലെ വാര്‍ഡുകളില്‍ നിന്നുള്ള അജൈവ മാലിന്യങ്ങള്‍ തള്ളിയിരുന്ന ആറേക്കര്‍ വിസ്തൃതിയുള്ള ഇടമായിരുന്നു ചെമ്മട്ടംവയല്‍. അക്കാലത്ത് കുഴികളെടുത്ത് മാലിന്യം മൂടുകയും അവ കത്തിക്കുകയും ചെയ്യുന്ന രീതിയായിരുന്നു . ഇത് വലിയ തോതിലുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചു. മാലിന്യം കത്തിക്കുമ്പോഴുണ്ടാകുന്ന വിഷപ്പുകയും ഒലിച്ചിറങ്ങുന്ന മലിനജലവും കാരണം പ്രദേശവാസികള്‍ക്ക് അവിടെ താമസിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. പലരും വീടുപേക്ഷിച്ച് മറ്റു സ്ഥലങ്ങളിലേക്ക് മാറാന്‍ നിര്‍ബന്ധിതരായി. ഇതേത്തുടര്‍ന്ന് ഉയര്‍ന്നുവന്ന ശക്തമായ ജനകീയ പ്രതിഷേധങ്ങളാണ് മാറ്റത്തിന് വഴിമരുന്നിട്ടത്.
2017-ല്‍ ഹരിതകേരളം മിഷന്റെ ഏകോപനത്തോടെയാണ് പരിഹാര പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. മെഹബൂബ ഗ്രീന്‍സൊല്യൂഷന്‍സ്, ക്ലീന്‍ കേരള കമ്പനി തുടങ്ങിയ ഹരിത സഹായ സ്ഥാപനങ്ങളുടെ സഹകരണം ഈ ദൗത്യത്തിന് കരുത്തേകി. വീടുകളിലും പൊതുസ്ഥാപനങ്ങളിലും ഉറവിട മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതാണ് ഇതില്‍ ആദ്യപടി. തുടര്‍ന്ന് ട്രെഞ്ചിംഗ് ഗ്രൗണ്ടില്‍ റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി സ്ഥാപിച്ച് ഷ്രെഡിംഗ്, ബെയിലിംഗ് തുടങ്ങിയ ശാസ്ത്രീയ സംസ്‌കരണ രീതികള്‍ നടപ്പിലാക്കി. ഇതോടൊപ്പം ഹരിതകര്‍മ്മസേനയുടെ ഓഫീസും അനുബന്ധ സൗകര്യങ്ങളും നവീകരിച്ച് ആകര്‍ഷകമാക്കി മാറ്റി.
ബംഗളൂരു ആസ്ഥാനമായുള്ള ഗ്രീന്‍സ് കമ്പനിയുമായി കരാറിലേര്‍പ്പെട്ടാണ് നിലവിലുണ്ടായിരുന്ന പഴയ മാലിന്യങ്ങള്‍ അഥവാ ലെഗസി വേസ്റ്റ് പൂര്‍ണ്ണമായും നീക്കം ചെയ്തത്. ശുചിത്വമിഷന്‍ ഫണ്ട് ഉപയോഗപ്പെടുത്തി മണ്ണില്‍ കലര്‍ന്ന മാലിന്യങ്ങള്‍ വേര്‍തിരിച്ച് മാറ്റുന്ന പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ഇത്തരത്തില്‍ വീണ്ടെടുത്ത ഭൂമിയില്‍ ഇപ്പോള്‍ പൂന്തോട്ടം നിര്‍മ്മിക്കാനുള്ള നടപടികള്‍ നഗരസഭ ആരംഭിച്ചു കഴിഞ്ഞു. മാലിന്യക്കൂമ്പാരമായിരുന്ന ഒരിടം നഗരത്തിന് ശ്വസിക്കാന്‍ ശുദ്ധവായു നല്‍കുന്ന ഹരിതവനമായി മാറുന്നത് നാടിന് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. അജൈവ മാലിന്യ സംസ്‌കരണം കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള നൂതനമായ സംവിധാനങ്ങളും ഇതോടൊപ്പം ഇവിടെ ഒരുങ്ങിക്കഴിഞ്ഞു.




