‘സംസ്ഥാനത്ത് സാമ്പത്തിക സ്ഥിതി ആശങ്കാജനകം, വന്‍ കടബാധ്യത; ധവളപത്രം ഉമ്മാക്കിയല്ല,10 വര്‍ഷത്തെ ധന ധുര്‍വിനിയോഗത്തിന്റെ കണ്ണാടി’; മുഖ്യമന്ത്രി
ധവള പത്രം ഉമ്മാക്കിയല്ല,10 വര്‍ഷത്തെ ധന ധുര്‍വിനിയോഗത്തിന്റെ കണ്ണാടിയെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. 6000 കോടി രൂപ ട്രഷറിയില്‍ ബാക്കി ഉണ്ടായിരുന്നുവെങ്കില്‍ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള 377 കോടി രൂപ എന്തുകൊണ്ട് കൊടുത്തില്ല. എന്തുകൊണ്ട് ജീവനക്കാര്‍ക്ക് ഡി എ കുടിശ്ശിക കൊടുത്തില്ല. സപ്ലൈകോയ്ക്ക് കൊടുക്കാനുള്ള 2893 കോടി രൂപ എന്തുകൊണ്ട് കൊടുത്തില്ലെന്നും അദ്ദേഹം നിയമസഭയില്‍ ചോദിച്ചു.
10 വര്‍ഷത്തെ സാമ്പത്തിക കെടുകാര്യസ്ഥതയാണ് സംസ്ഥാനത്ത് ഉണ്ടായത്. റിപ്പോര്‍ട്ട് തയ്യാറായിട്ട് ഒരാഴ്ചയായി. ഫാക്ട് ചെക്ക് ചെയ്തിട്ടുണ്ട്. സര്‍ക്കാരിന് ധനപ്രതിസന്ധിയുണ്ട്. 6000 കോടി രൂപ ബാക്കിയുണ്ടെന്നായിരിന്നു പ്രചരണം. സംസ്ഥാനത്ത് സാമ്പത്തിക സ്ഥിതി ആശങ്കാജനകം, വന്‍ കടബാധ്യത. മെയ് 16ന് 2000 കോടി രൂപയാണ് ഉണ്ടായിരുന്നത്. പാവപ്പെട്ട ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. 6000 കോടി രൂപ ബാക്കിയുണ്ടായിരുന്നെങ്കില്‍ ലോക്കല്‍ ബോഡിയുടെ മൂന്നാം ഗഡു എന്തു കൊണ്ട് കൊടുത്തില്ല.
കൊടുക്കാനുള്ള പലയിടത്തും പണം കൊടുത്തിട്ടില്ല. ഇതൊന്നും കൊടുക്കാതെ ആയതോടെയാണ് ട്രഷറിയില്‍ ബാക്കി പണം വന്നത്. കിഫ്ബി പണത്തിന്റെ പലിശ കേട്ടാല്‍ തല കറങ്ങി വീഴും. വരുമാനത്തിനായുള്ള ഒരു പദ്ധതിയും കിഫ്ബിക്കില്ല. കടമെടുപ്പ് പരിധിയില്‍ പെടുത്തിയതോടെ എല്ലാം ഞങ്ങളുടെ തലയില്‍. കിഫ്ബി പ്രത്യേക സാമ്ര്യാജ്യമാക്കി. ഒരു ഫയലും ധനവകുപ്പിലേക്ക് വരില്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
നയപ്രഖ്യാപന പ്രസംഗത്തെ കുറിച്ച് BJP നേതാവ് നല്ലത് പറഞ്ഞെങ്കില്‍ അദ്ദേഹത്തിന് നന്ദി. പ്രതിപക്ഷ നേതാവ് നിരാശപ്പെടരുത്, ഇത് പ്രതീക്ഷയുള്ള നയ പ്രഖ്യാപനമാണ്. കഴക്കൂട്ടത്തും ചാത്തന്നൂരും സിപിഐഎമ്മിന് വോട്ട് കുറയുകയാണ് ഉണ്ടായത്. രണ്ടിടത്തും ഞങ്ങള്‍ക്ക് കൂടി. പ്രതിപക്ഷ നേതാവ് പറഞ്ഞത് ശരിയാണെങ്കില്‍ നിങ്ങള്‍ പ്ലാന്‍ ചെയ്ത് വിജയിപ്പിച്ചതാണ് ബിജെപിയെ. നേമത്ത് ഞങ്ങള്‍ക്കു മാത്രമല്ല എല്‍ഡിഎഫിനും വോട്ട് കുറഞ്ഞു.
ചാത്തന്നൂരില്‍ യുഡിഎഫിന് വോട്ട് കൂടി.എല്‍ഡിഎഫിന്റെ 11,000 വോട്ട് കുറഞ്ഞു. കഴക്കൂട്ടത്തും യുഡിഎഫിന് വോട്ട് കൂടി. എല്‍ഡിഎഫിന്റെ 17000 വോട്ട് കുറഞ്ഞു.പ്രതിപക്ഷ നേതാവ് പറഞ്ഞപ്രകാരമാണെങ്കില്‍ മൂന്നിടത്തും ബിജെപിക്ക് വെള്ളിത്താലത്തില്‍ വിജയം സമ്മാനിച്ചത് എല്‍ഡിഎഫ് ആണെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.
ഹിറ്റ്‌ലര്‍ ആളുകളെ കൊല്ലുന്ന കാലത്ത് സ്റ്റാലിന്‍ ഉടമ്പടി ഉണ്ടാക്കി. അന്ന് ഹിറ്റ്‌ലറുടെ കൂടെയായിരുന്നു ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍.സ്റ്റാലിന്‍ മാറിയപ്പോള്‍ ഇവിടുത്തെ കമ്മ്യൂണിസ്റ്റുകാരും മാറി. അവിടെ മഴ പെയ്താല്‍ ഇവിടെ കുട പിടിച്ച് നടക്കുന്നവരായിരുന്നു കമ്മ്യൂണിസ്റ്റുകാര്‍. എംഎല്‍എമാര്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണം. സര്‍ക്കാരിനെ സൂക്ഷ്മമായി നിരീക്ഷിക്കണം. നല്ല കാര്യങ്ങള്‍ ചെയ്താല്‍ രഹസ്യമായെങ്കിലും പറയണമെന്നും വി ഡി സതീശന്‍ പറഞ്ഞു.
ഞങ്ങളെ വിമര്‍ശിക്കാം. വിമര്‍ശനം ശരിയാണെങ്കില്‍ തിരുത്തും.സര്‍ക്കാരിന് ഉള്ളത് വിട്ടുവീഴ്ചയില്ലാത്ത മതേതര നിലപാടാണ്. വര്‍ഗീയത പറഞ്ഞവരെ വോട്ടു വേണ്ടെന്ന് പറഞ്ഞ് മടക്കിയിട്ടുണ്ട്. അതിനു നല്‍കിയ അംഗീകാരമാണ് ഈ ഭരണം. തിരഞ്ഞെടുപ്പ് കാലത്ത് വര്‍ഗീയതയോട് കോംപ്രമൈസ് ചെയ്തിട്ടില്ല, പിന്നെയാണോ ഇപ്പോളെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.




