സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തില്‍ കാലാവസ്ഥാ വകുപ്പ് സീസണിലെ ആദ്യ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട് ഉള്‍പ്പെടെയുള്ള വടക്കന്‍ ജില്ലകളിലാണ് പ്രധാനമായും മുന്നറിയിപ്പ്. കനത്ത മഴയിലും കാറ്റിലും കോട്ടയത്തും കോഴിക്കോടും നാശനഷ്ടങ്ങളും അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. നാളെ വടക്കന്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്. ഈ സീസണിലെ ആദ്യ റെഡ് അലര്‍ട്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ റെഡ് അലര്‍ട്ട്. മറ്റന്നാള്‍ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്. ഇടുക്കി, തൃശൂര്‍, എറണാകുളം, കോട്ടയം, പാലക്കാട്, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും മഞ്ഞ അലര്‍ട്ടും പുറപ്പെടുവിച്ചു. സംസ്ഥാനത്ത് മഴ ശക്തമാകുകയാണ്. കോട്ടയം അമ്മന്‍ചേരിയില്‍ കനത്ത മഴയില്‍ വീടിന്റെ മേല്‍ക്കൂര ഇടിഞ്ഞു വീണു. കാഞ്ഞിരംകാലയില്‍ ബിനോയ് മാത്യുവിന്റെ വീടാണ് തകര്‍ന്നത്. വീട്ടില്‍ ഉണ്ടായിരുന്ന മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ബിനോയുടെ ഭാര്യ ടിനു , മക്കളായ എബിള്‍ , ബ്രയാന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. വെളുപ്പിനെ ആണ് അപകടം. കോഴിക്കോട് നഗരത്തില്‍ രാവിലെ ഉണ്ടായത് കനത്ത കാറ്റ്. രാവിലെ പത്ത് മണിയോടെയാണ് കാറ്റ് വീശിയത്. പലയിടങ്ങളിലും മരം കടപുഴകി വീണു. കിഡ്‌സണ്‍ കോര്‍ണറില്‍ എല്‍ഐസി ഓഫീസിന് പിറകിലേക്ക് മരം വീണു.
പ്രളയ സാധ്യത മുന്നറിയിപ്പ്
കരമനയാറ്റിലും (വെള്ളൈകടവ് സ്റ്റേഷന്‍) മണിമലയാറ്റിലുമാണ് (കല്ലൂപ്പാറ സ്റ്റേഷന്‍) പ്രളയ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. യെല്ലോ അലര്‍ട്ട് ആണ്. ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് കേന്ദ്ര ജല കമ്മിഷന്‍ ആണ് മുന്നറിയിപ്പ് നല്‍കിയത്. ഈ നദികളില്‍ ഇറങ്ങരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു




