സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകുന്നു; കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം
ഇന്ന് രാവിലെ മുതല്‍ വിവിധ ജില്ലകളില്‍ മഴക്കെടുതിയില്‍ കനത്ത നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്
കൊച്ചി: സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായത്തോടെ വിവധയിടങ്ങളിലായി വ്യാപക നാശനഷ്ടം. ഇന്ന് രാവിലെ മുതല്‍ വിവിധ ജില്ലകളില്‍ മഴക്കെടുതിയില്‍ കനത്ത നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
കനത്ത മഴയെ തുടര്‍ന്ന് കോട്ടയത്ത് മതില്‍ ഇടിഞ്ഞു വീണു. അപകടത്തില്‍ വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്കായിരുന്നു. കോട്ടയം മള്ളൂശ്ശേരി സ്വദേശി അമ്പിളിയുടെ വീടിനു മുന്‍പിലേക്കാണ് മണ്ണിടിഞ്ഞത്. രാവിലെ 9.30 യോടെയായിരുന്നു അപകടം നടന്നത്. അപകടത്തില്‍ വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഇരുചക്ര വാഹനം തകര്‍ന്നു.
കോട്ടയത്ത് കനത്ത മഴയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു. അമ്മഞ്ചേരി നാല്‍പ്പാത്തി മലയിലാണ് സംഭവം. ബിനോയ് മാത്യുവിന്റെ വീടാണ് തകര്‍ന്നത്. സംഭവത്തില്‍ ബിനോയുടെ ഭാര്യക്കും രണ്ടു മക്കള്‍ക്കും പരിക്കേറ്റിരുന്നു. ആരുടെയും പരിക്ക് ഗുരുതരമുള്ളതല്ലെന്നാണ് വിവരം.
കോഴിക്കോടും ശക്തമായ മഴയെ തുടര്‍ന്ന് മതില്‍ ഇടിഞ്ഞു വീണു. കോഴിക്കോട് ഹല്‍വ ബസാറിലെ കടയുടെ മതിലാണ് ഇടിഞ്ഞ് വീണത്.
അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റില്ലെന്നാണ് വിവരം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ റിപ്പോട്ടറിന് ലഭിച്ചിരുന്നു. മതില്‍ ഇടിഞ്ഞ് വീണതിനെ തുടര്‍ന്ന് രണ്ട് സ്‌കൂട്ടറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. ജില്ലയില്‍ ഇന്ന് അതിശക്തമായ കാറ്റ് അനുഭവപ്പെട്ടിരുന്നു. കാറ്റില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണിരുന്നു. കോഴിക്കോട് ഹല്‍വ ബസാറില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.
മലപ്പുറത്ത് അതിശക്തമായ മഴയെ തുടര്‍ന്ന് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മരം ഒടിഞ്ഞു വീണു. ഓട്ടോറിക്ഷ തകര്‍ന്നെങ്കിലും ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മലപ്പുറം പുളിക്കല്‍ മുഴങ്ങല്ലൂരില്‍ ശക്തമായ കാറ്റില്‍ വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു വീണു. ഏഴോളം പോസ്റ്റുകളാണ് തകര്‍ന്ന് വീണത്. പ്രദേശത്ത് വൈദ്യുതി വിതരണം തടസ്സപ്പെട്ടിട്ടുണ്ട്. മലപ്പുറത്ത് വിവിധയിടങ്ങളില്‍ മഴ തുടരുകയാണ്.
അതേസമയം, സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കാലവര്‍ഷം എത്തിയതോടെ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ ഇന്നും വ്യാപക മഴയാണ് ലഭിച്ചത്. നാളെ അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍,കാസര്‍കോട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. ഇന്ന് എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേര്‍ട്ടുള്ളത്. ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.




