43 വര്‍ഷത്തിന് ശേഷം ആദ്യം;
രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ മോദി ഞായറാഴ്ച കുവൈത്തില്‍ നിന്ന് തിരികെ ഇന്ത്യയിലേക്ക് മടങ്ങും.
കുവൈത്ത് സിറ്റി: കുവൈത്തിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വന്‍ സ്വീകരണം. ശനിയാഴ്ച രാവിലെ 11.30ഓടെയാണ് മോദി കുവൈത്ത് വിമാനത്താവളത്തില്‍ എത്തിയത്. കുവൈത്ത് അമീര്‍ ശൈഖ് മിഷല്‍ അല്‍ അഹ്‌മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ ക്ഷണം സ്വീകരിച്ചാണ് മോദി കുവൈത്തിലെത്തിയത്.
അമീരി ടെര്‍മിനലില്‍ കുവൈത്ത് പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അല്‍സബാഹ്, വിദേശകാര്യ മന്ത്രി അബ്ദുല്ല അല്‍ യഹ്‌യ എന്നിവര്‍ ചേര്‍ന്ന് മോദിയെ സ്വീകരിച്ചു. ഉച്ചക്ക്‌ശേഷം 2.50ന് ഫഹദ് അല്‍ അഹമദിലെ ഗള്‍ഫ് സ്‌പൈക്ക് ലേബര്‍ ക്യാമ്പ് മോദി സന്ദര്‍ശിക്കും. ഇന്ത്യന്‍ തൊഴിലാളികളെ കാണുന്ന അദ്ദേഹം വൈകുന്നേരം 3.50ന് ശൈഖ് സാദ് അല്‍ അബ്ദുല്ല ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടക്കുന്ന കമ്യൂണിറ്റി ഇവന്റില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും. 6.30ന് ജാബിര്‍ സ്റ്റേഡിയത്തില്‍ ഗള്‍ഫ് കപ്പ് ഉദ്ഘാടന ചടങ്ങിലും പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും.
നാളെ ബയാന്‍പാലസില്‍ പ്രധാനമന്ത്രിക്ക് ഔദ്യോഗിക സ്വീകരണം നല്‍കും. കുവൈത്ത് അമീര്‍ ശൈഖ് മിഷല്‍ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ മുബാറക് അല്‍സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്‌മദ് അബ്ദുല്ല അല്‍ അഹമ്മദ് അല്‍സബാഹ് എന്നിവരുമായി നരേന്ദ്ര മോദി കൂടികാഴ്ച നടത്തും. ഇന്ത്യ-കുവെത്ത് സഹകരണ കരാറില്‍ ഒപ്പുവെക്കുകയും ചെയ്യും. ഉച്ചകഴിഞ്ഞ് 3.30ന് മോദി തിരികെ ഇന്ത്യയിലേക്ക് മടങ്ങും. 1981ന് ശേഷം കുവൈത്തിലെത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. 43 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി കുവൈത്ത് സന്ദര്‍ശിക്കുന്നത്.