Saturday, December 21, 2024
Home National WWE താരം റെയ് മിസ്റ്റീരിയോ സീനിയര്‍ അന്തരിച്ചു

WWE താരം റെയ് മിസ്റ്റീരിയോ സീനിയര്‍ അന്തരിച്ചു

by KCN CHANNEL
0 comment

WWE സൂപ്പര്‍സ്റ്റാര്‍ റേ മിസ്റ്റീരിയോ ജൂനിയറിന്റെ അമ്മാവന്‍ പ്രശസ്ത മെക്‌സിക്കന്‍ ഗുസ്തി താരം റേ മിസ്റ്റീരിയോ സീനിയര്‍ അന്തരിച്ചു. മിഗ്വല്‍ ഏഞ്ചല്‍ ലോപ്പസ് ഡയസ് എന്നാണ് ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് . മിസ്റ്റീരിയോ സീനിയറിന്റെ കുടുംബമാണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്. മെക്സിക്കോയിലെ ലൂച്ച ലിബ്രെ രംഗത്ത് പ്രശസ്തി നേടി, വേള്‍ഡ് റെസ്ലിംഗ് അസോസിയേഷന്‍, ലൂച്ച ലിബ്രെ എഎഎ വേള്‍ഡ് വൈഡ് തുടങ്ങിയ പ്രമുഖ സംഘടനകളുടെ ചാമ്പ്യന്‍ഷിപ്പ് കിരീടങ്ങള്‍ റേ മിസ്റ്റീരിയോ സീനിയര്‍ നേടിയിട്ടുണ്ട്.

1976-ലാണ് റേ മിസ്റ്റീരിയോ ഗുസ്തി കരിയര്‍ ആരംഭിക്കുന്നത്. വളരെപ്പെട്ടെന്നുതന്നെ ഈ മേഖലയിലെ പ്രമുഖ വ്യക്തിത്വമായി മാറിയിരുന്നു. 1990-ലെ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് റെസ്ലിങ്ങിന്റെ സ്റ്റാര്‍കേഡ് പോലുള്ള ഇവന്റുകളില്‍ ഉള്‍പ്പെടെ അന്താരാഷ്ട്ര തലത്തിലും അദ്ദേഹം തന്റെ കഴിവുകള്‍ പ്രദര്‍ശിപ്പിച്ചു. 2009-ല്‍ ഔദ്യോഗികമായി വിരമിച്ചെങ്കിലും കായികരംഗത്തോടുള്ള സ്നേഹം കാരണം 2023-ലും ഇടിക്കൂട്ടില്‍ മത്സരിച്ചിരുന്നു റേ. വിടപറയും മുന്നേ ലോകമെമ്പാടും നിരവധി ആരാധകരെ സൃഷ്ടിച്ചെടുക്കാന്‍ റേ മിസ്റ്റീരിയോ സീനിയറിന് സാധിച്ചു.

”റേ മിസ്റ്റീരിയോ സീനിയര്‍ എന്നറിയപ്പെടുന്ന മിഗ്വല്‍ ഏഞ്ചല്‍ ലോപ്പസ് ഡയസിന്റെ നിര്‍ണ്ണായകമായ മരണത്തില്‍ ഞങ്ങള്‍ ഖേദിക്കുന്നു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവര്‍ക്ക് ഞങ്ങള്‍ അനുശോചനം അറിയിക്കുകയും അദ്ദേഹത്തിന്റെ നിത്യവിശ്രമത്തിനായി ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ ഉയര്‍ത്തുകയും ചെയ്യുന്നു” എന്നാണ് മിസ്റ്റീരിയോ സീനിയറിന്റെ മരണത്തില്‍ അനുശോചനമറിയിച്ച് മെക്സിക്കന്‍ റെസ്ലിങ് സംഘടനയായ ലൂച്ച ലിബ്ര എ.എ.എ. എക്സില്‍ കുറിച്ചത്.

You may also like

Leave a Comment