കവിയും എഴുത്തുകാരനുമായ എ സി ശ്രീഹരി അന്തരിച്ചു


ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം

കണ്ണൂര്‍: കവിയും എഴുത്തുകാരനുമായ എ സി ശ്രീഹരി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഇന്നലെ അര്‍ദ്ധരാത്രി നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതശരീരം പയ്യന്നൂര്‍ പ്രിയദര്‍ശിനി ഹോസ്പിറ്റലിലാണ്. സംസ്‌കാരം നാളെ നടക്കും.

പയ്യന്നൂര്‍ കോളേജ് മുന്‍ ഇംഗ്ലീഷ് വിഭാഗം മേധാവിയും, പ്രമുഖ അധ്യാപകനും കവിയും എഴുത്തുകാരനുമായിരുന്നു ശ്രീഹരി. കഴിഞ്ഞ മെയ് 30നാണ് സര്‍വീസില്‍ നിന്നും വിരമിച്ചത്. ഡി സി ബുക്‌സ് 1999-ല്‍ പ്രസിദ്ധീകരിച്ച ‘യുവകവിതക്കൂട്ടം’ എന്ന പുസ്തകത്തിലും, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം 2001-ല്‍ പ്രസിദ്ധീകരിച്ച ‘കവിതയുടെ നൂറ്റാണ്ട്’ എന്ന പുസ്തകത്തിലും കവിതകള്‍ വന്നിട്ടുണ്ട്.

എ സി ശ്രീഹരിയുടെ കവിതകള്‍ കേരളത്തിലെ സര്‍വകലാശാലകളില്‍ പാഠപുസ്തകമായി പഠിപ്പിക്കുന്നുണ്ട്. എന്‍ എന്‍ കക്കാട്, വി ടി കുമാരന്‍, വൈലോപ്പിള്ളി എന്നി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിനടുത്ത് ആലപ്പടമ്പ സ്വദേശിയാണ് എ സി ശ്രീഹരി. എ സി ശ്രീഹരി പയ്യന്നൂര്‍ പൊലീസ് ഫ്രണ്ട്‌സ് അസോസിയേഷന്റെ പുസ്തക പ്രകാശന ചടങ്ങില്‍ നടക്കുന്ന് ചടങ്ങില്‍ ഇന്ന് പങ്കെടുക്കാനിരിക്കെ ആയിരുന്നു മരണം.

Scroll to Top