സംസ്ഥാനത്ത് ശക്തമായ മഴ തുടരും. നാളെ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് മുന്നറിയിപ്പ് നല്‍കി. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലാണ് കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍,പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, വയനാട് ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പും നാളെ നല്‍കിയിട്ടുണ്ട്.
വടക്കന്‍ കേരളത്തില്‍ ഇന്ന് അതിശക്തമായ മഴയ്ക്കാണ് സാധ്യത. കാസര്‍ഗോഡ് കുമ്പളയില്‍ കനത്ത മഴയില്‍ വീടിന്റെ ചുറ്റുമതിലിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണു. ജില്ലകളില്‍ പലയിടത്തും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് ഇന്നലെ തുടങ്ങിയ ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. കനത്ത മഴയില്‍ പട്ടം ഗവ.ഗേള്‍സ് മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മതില്‍ ഇടിഞ്ഞു വീണു.സ്‌കൂളിന് പിന്‍വശത്തെ ക്ലാസ് മുറികളോടു ചേര്‍ന്ന മതിലാണ് തകര്‍ന്നത്. സമീപത്തുള്ള മതിലും അപകടാവസ്ഥയിലാണ്.
കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ അതിശക്തമായ മഴ തുടരുകയാണ്. മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പുയര്‍ന്നു. തൃക്കൊടിത്താനത്ത് വീടിന്റെ മുകളിലേക്ക് മരം കടപുഴകി വീണു. ആര്‍ക്കും പരുക്കില്ല. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി.




