കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ ”നല്ല ചായ നല്ല തുടക്കം ‘ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രഭാത ഭക്ഷണ വിതരണ പദ്ധതി ആരംഭിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലാ പഞ്ചായത്ത് ജില്ലാ ആശുപത്രിയില്‍ അഡ്മിറ്റ് ആകുന്ന രോഗികള്‍ക്ക് പ്രഭാത ഭക്ഷണം നല്‍കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാമിന്റെ മേല്‍നോട്ടത്തില്‍ ജില്ലയിലെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ മേഖലയില്‍ പ്രവര്‍ത്തികുന്നവരുമായി സംവദിക്കുകയും”എര്‍ണ കാസറഗോഡ് ”എന്ന പേരില്‍ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുകയും ചെയ്തിരുന്നു. എര്‍ണ കാസാഗോഡിന്റെ ഭാഗമായി ലഭിച്ച നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്രഭാത ഭക്ഷണം പദ്ധതി ആസൂത്രണം ചെയ്തത്. ഇതിനായി ജില്ലാ പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. പദ്ധതി മാനദണ്ഡപ്രകാരം കുടുംബശ്രീ സംരംഭങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. കാഞ്ഞങ്ങാട് നഗരസഭയിലെ കണ്ണകി കുടുംബശ്രീ സംരംഭമാണ് പദ്ധതി ഏറ്റെടുത്തത്.
അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം.എല്‍.എ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ മനുഷ്യത്വം ഉയര്‍ത്തിപ്പിടിക്കുന്ന പദ്ധതിയാണ് നല്ല ചായ നല്ല തുടക്കം പ്രഭാത ഭക്ഷണ വിതരണത്തിലൂടെ നടപ്പിലാക്കുന്നതെന്ന് എം.എല്‍.എ പറഞ്ഞു. ആശുപത്രിയില്‍ അഡ്മിറ്റാവുന്ന നൂറു കണക്കിന് സാധാരണക്കാരായ രോഗികള്‍ക്ക് രോഗികള്‍ക്ക് വലിയ പ്രയോജനമാണ് ഈ പദ്ധതി വഴി ലഭിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹം അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.കെ സോയ, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഇര്‍ഫാന ഇഖ്ബാല്‍ , ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എം.മനു, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ.കൃഷ്ണന്‍, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ റീന തോമസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.സബീഷ്, ഡോ.സെറീന സലാം, രാധിക ടി.വി ജില്ലാ ആശുപത്രി ആര്‍.എം.ഒ ഡോ.ബി.ഷഹര്‍ബാന, നേഴ്സിങ് സൂപ്രണ്ട് സി. ലളിതാംബിക എന്നിവര്‍ സംസാരിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.എം.പി ജീജ സ്വാഗതവും പി.പ്രീയ നന്ദിയും പറഞ്ഞു.




