.
കുമ്പള.മഴ കനത്തതോടെ നാട് മുഴുവന്‍ വെള്ളക്കെട്ടില്‍. വെള്ളക്കെട്ടുകള്‍ തടയാനുള്ള നടപടികളില്‍ കാലതാമസമെടുത്ത താണ് ദുരിതമായത്.ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരുടെയും,ജില്ലാ ഭരണകൂടത്തിന്റെയും, ജനപ്രതിനിധികളുടെയും,ആര്‍ ഡി ഓ യുടേയും നിര്‍ദ്ദേശങ്ങളൊന്നും ബന്ധപ്പെട്ടവര്‍ ഗൗരവത്തോടെ ചെവിക്കൊണ്ടില്ലാ എന്നത് ശരിവെക്കുന്നതാണ് വെള്ളക്കെട്ടുകള്‍. മഴക്കാല മുന്നൊരുക്ക ശുചീകരണം പലയിടത്തും പ്രഹസനമായി മാറി. ഓടകളും, ഓവുചാലുകളും, കലുങ്കുകളും ഇപ്പോഴും അടഞ്ഞു നില്‍ക്കുന്ന സ്ഥലങ്ങള്‍ ഏറെയുണ്ട്. ഇവിടങ്ങളില്‍ വെള്ളക്കെട്ടുകള്‍ രൂപാന്തരപ്പെട്ടിട്ടുമുണ്ട്.ഇത് ചിലയിടങ്ങളില്‍ ഗതാഗത തടസ്സത്തിനും കാരണമായിട്ടുണ്ട്.
മൊഗ്രാല്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പിഡബ്ല്യുഡി റോഡ് വെള്ളത്തില്‍ മുങ്ങി. ഇവിടെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ മൂന്നുമാസം മുമ്പ് തന്നെ റോഡ് നവീകരണത്തിന് പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിച്ചിരുന്നുവെങ്കിലും കരാര്‍ എടുത്ത കരാറുകാരന്‍ പ്രവൃത്തി തുടങ്ങാത്തത് വിദ്യാര്‍ത്ഥികള്‍ക്കും, കാല്‍നടയാത്രക്കാര്‍ക്കും ദുരിതമായി. സ്‌കൂളിന് സമീപം ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥിതിചെയ്യുന്ന റോഡിലാണ് വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്. ഇത് നടന്നു പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കും, കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയായിട്ടുണ്ട്.
കുമ്പള റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ദേശീയപാത സര്‍വീസ് റോഡിനരികെ വെള്ളക്കെട്ട് രൂപപ്പെട്ടത് റെയില്‍വേ സ്റ്റേഷനില്‍ പോകാനുള്ള വഴി അടഞ്ഞത് പോലെയായി.ഇവിടെ ദേശീയപാത നിര്‍മ്മാണ കമ്പനി അധികൃതരുടെ പോരായ്മയാണ് റെയില്‍വേ സ്റ്റേഷനിലേക്കുള്ള വഴിയില്‍ വെള്ളക്കെട്ടിന് കാരണമായത്.ഇവിടെ തൊട്ടടുത്ത ഓവുച്ചാല്‍ സംവിധാനവും കാര്യക്ഷമമല്ലെന്ന് നാട്ടുകാര്‍ പറയുന്നുമുണ്ട്.
മൊഗ്രാല്‍ ടൗണ്‍ ഷാഫി മസ്ജിദിന് സമീപം വെള്ളക്കെട്ട് രൂപപ്പെട്ടത് തൊട്ടടുത്ത മസ്ജിദിലേക്ക് വെള്ളം കയറുന്ന സ്ഥിതിയായി. ഇവിടെയും ഓവുചാല്‍ സംവിധാനം അശാസ് ത്രിയമാണെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നുണ്ട്. വലിയതോതില്‍ ഇവിടേയ്ക്ക് എത്തുന്ന മഴവെള്ളം ഒഴുകിപ്പോകാന്‍ ഇടുങ്ങിയ ഓവുചാല്‍ സംവിധാനമാണ് നിര്‍മ്മാണ കമ്പനി അധികൃതര്‍ ഒരുക്കിയതെന്നാണ് ആക്ഷേപം.നേരത്തെ ഇവിടെയുണ്ടായിരുന്ന കലുങ്ക് മൂടിയാണ് നേരിയ ഓവുചാല്‍ സംവിധാനം ഒരുക്കിയത്.
ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയില്‍ വെള്ളക്കെട്ട് രൂപാന്തരപ്പെട്ടിട്ടുണ്ട്. റോഡില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് പലയിടത്തും ഗതാഗത സംവിധാനത്തെയും ബാധിച്ചിട്ടുണ്ട്. വെള്ളക്കെട്ടുകള്‍ ഒഴിവാക്കാന്‍ ജില്ലാ ഭരണകൂടം അടിയന്തരമായ ഇടപെടലുകള്‍ നടത്തുന്നുമുണ്ട്.എന്നിട്ടും ശാശ്വത പരിഹാരമാവുന്നില്ല.
ഫോട്ടോ:വെള്ളക്കെട്ട് മൂലം ദുരിതത്തിലായ കുമ്പള റെയില്‍വേ സ്റ്റേഷന്‍ പരിസരവും, മൊഗ്രാല്‍ സ്‌കൂള്‍ റോഡും.




