ബ്രസീല്‍ നാളെ ഇറങ്ങും; നെയ്മര്‍ കളിക്കില്ല

ഫിറ്റ്‌നസ് പൂര്‍ണ്ണമായും വീണ്ടെടുത്തില്ലെന്ന് പരിശീലകന്‍

ഫിഫ ലോകകപ്പിലെ ബ്രസീലിന്റെ ആദ്യ മത്സരത്തിന് സൂപ്പര്‍താരം നെയ്മര്‍ ജൂനിയര്‍ ഉണ്ടാകില്ല. താരം ഫിറ്റ്‌നസ് പൂര്‍ണ്ണമായും വീണ്ടെടുത്തിട്ടില്ലെന്ന് പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടി വ്യകത്മാക്കി.ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ മൂന്നരയ്ക്ക് മൊറോക്കോക്കെതിരെയാണ് മത്സരം.

2023-ന് ശേഷം നെയ്മര്‍ ബ്രസീലിനായി കളിച്ചിട്ടില്ല. മെയ് പകുതിയോടെയേറ്റ വലത് കാലിലെ പരിക്കിനെത്തുടര്‍ന്ന് അദ്ദേഹം കളിക്കളത്തിന് പുറത്താണ്. ഇതോടെ രാജ്യത്തിന്റെ ഏറ്റവും വലിയ സൂപ്പര്‍ താരത്തെ ഫുട്‌ബോളിലെ ഏറ്റവും വലിയ വേദിയില്‍ വീണ്ടും കാണാനായി ആരാധകര്‍ക്ക് ഇനിയും ദിവസം കൂടി കാത്തിരിക്കേണ്ടി വരും.

ഫിഫ ലോകകപ്പ് 2026 പോരാട്ടങ്ങള്‍ക്ക് ബ്രസീല്‍ തുടക്കം കുറിക്കുന്നത് നെയ്മര്‍ ഇല്ലാതെയായിരിക്കുമെന്ന് ബ്രസീല്‍ മുഖ്യ പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടി സ്ഥിരീകരിച്ചു. ഗ്രൂപ്പ് സിയിലെ മൊറോക്കോയ്ക്കെതിരായ ബ്രസീലിന്റെ ആദ്യ മത്സരത്തില്‍ ടീമിന്റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനായ നെയ്മര്‍ ലഭ്യമാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.താരം അടുത്ത ആഴ്ച മുതല്‍ പരിശീലനം പുനരാരംഭിക്കുമെന്ന് അദ്ദേഹം വെളിപ്പെടുത്തി.

അഞ്ച് തവണ ലോക ചാമ്പ്യന്‍മാരായ ബ്രസീല്‍, 2022 ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളായ മൊറോക്കോയെ ശനിയാഴ്ച ന്യൂയോര്‍ക്ക് ന്യൂജേഴ്സി സ്റ്റേഡിയത്തില്‍ വെച്ചാണ് നേരിടുന്നത്. എന്നാല്‍ നിലവില്‍ തുടരുന്ന കാലിലെ പരിക്ക് കാരണം നെയ്മറുടെ അന്താരാഷ്ട്ര വേദികളിലേക്കുള്ള തിരിച്ചുവരവ് വീണ്ടും വൈകുകയായിരുന്നു.

ജൂണ്‍ 19-ന് ഹെയ്തിക്കെതിരെ നടക്കുന്ന ബ്രസീലിന്റെ രണ്ടാമത്തെ ഗ്രൂപ്പ് മത്സരത്തില്‍ നെയ്മര്‍ ലഭ്യമാകാന്‍ സാധ്യതയുണ്ട്. ജൂണ്‍ 24-ന് ആന്‍ഡി റോബര്‍ട്‌സണിന്റെ സ്‌കോട്ട്ലന്‍ഡിനെതിരെയാണ് ബ്രസീലിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം.

Scroll to Top