2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെല്‍ഫ് എന്യുമറേഷന് നാളെ തുടക്കമാകും. സെന്‍സസിന്റെ പോര്‍ട്ടലില്‍ നാളെ മുതല്‍ 15 ദിവസം കുടുംബവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രേഖപ്പെടുത്താം. വീടുകളിലെത്തിയുളള കണക്കെടുപ്പ് ജൂലൈ 1 മുതല്‍ 30വരെയാണ്. എവിടെയാണോ താമസിക്കുന്നത് അവിടത്തെ വിവരങ്ങളാണ് ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായി കൈമാറേണ്ടത്.
സ്വാതന്ത്ര്യം ലഭിച്ച ശേഷം നടക്കുന്ന എട്ടാം ജനസംഖ്യാ കണക്കെടുപ്പിനാണ് നാളെ മുതല്‍ തുടക്കം കുറിക്കുന്നത്. സെന്‍സസ് ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഡിജിറ്റല്‍ സംവിധാനം വഴി വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ അവസരം ഒരുക്കുന്നത്. ഡിജിറ്റല്‍ പ്‌ളാറ്റ് ഫോം വഴി വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് പഴയത് പോലെ എന്യൂമറേറ്റര്‍മാര്‍ വീടുകളില്‍ എത്തുമ്പോള്‍ വിവരങ്ങള്‍ കൈമാറാം.
അടഞ്ഞു കിടക്കുന്ന വീടുകളുടെയും പ്രവാസികളുടെയും വിവരങ്ങള്‍ ജനസംഖ്യാ കണക്കെടുപ്പില്‍ ഉള്‍പ്പെടില്ല. എവിടെയാണോ സ്ഥിരതാമസം അവിടത്തെ വിവരങ്ങളാണ് എന്യൂമറേറ്റര്‍മാര്‍
ശേഖരിക്കുക.
സെന്‍സസ് വിവരശേഖരണത്തിനായി 61282 എന്യൂമറേറ്റര്‍മാരെയും 10189 സൂപ്പര്‍ വൈസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. എന്യൂമറേറ്റര്‍മാരായ സ്‌കൂള്‍ കോളജ് അധ്യാപകര്‍ക്ക് ഡ്യൂട്ടി ക്രമീകരണം നല്‍കിക്കൊണ്ടുളള തീരുമാനം വൈകാതെ ഉണ്ടാകും.




