മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് നാല് മണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ നേതൃത്വത്തില്‍ മേല്‍ശാന്തി അരുണ്‍ കുമാര്‍ ശ്രീകോവില്‍ നടതുറന്ന് മകരവിളക്ക് മഹോത്സവ കാലത്തിന് തുടക്കം കുറിക്കും. ഉച്ചയോടെ പമ്പയില്‍ നിന്ന് തീര്‍ഥാടകരെ കടത്തിവിടും. ആഴിയില്‍ അഗ്‌നി പകരുന്നതോടെ ഭക്തര്‍ക്ക് പതിനെട്ടാം പടി ചവിട്ടാം. ജനുവരി പതിനാലിനാണ് മകരവിളക്ക്. നാല്‍പ്പത്തി ഒന്ന് ദിവസം നീണ്ട മണ്ഡലകാലത്തിന് പരിസമാപ്തി കുറിച്ച് വ്യാഴാഴ്ചയാണ് ശബരിമല നട അടച്ചത്.
കാര്യമായ പരാതികളും പ്രശ്നങ്ങളുമില്ലാതെ ശബരിമലയില്‍ മണ്ഡലകാല സീസണ്‍ പൂര്‍ത്തിയാക്കിയതിന്റെ ആശ്വാസത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായിട്ടും കാര്യമായ പരാതികള്‍ ഉയര്‍ന്നിട്ടില്ല.
മകരവിളക്ക് മഹോത്സവത്തിനോടനുബന്ധിച്ചു വിപുലമായ ക്രമീകരണങ്ങളാണ് ആരോഗ്യവകുപ്പ് ഏര്‍പ്പെടുത്തുന്നത്. മകരവിളക്ക് മഹോത്സവ ദിനങ്ങളില്‍ അടിയന്തിരഘട്ടങ്ങള്‍ നേരിടുന്നതിനുവേണ്ടി മെഡിക്കല്‍ ഓഫീസര്‍മാരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും ഒരു റിസര്‍വ്വ് ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള നടപടി ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ട്.