യുഎസിന്റെ ഈ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച കോച്ച്, ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെടുന്ന ടീം തങ്ങളുടേതാണെന്ന് ആരോപിച്ചു.
ലോസ് ആഞ്ചലസ്: ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെതിരെ 2-2 ന് സമനില വഴങ്ങിയതിന് തൊട്ടുപിന്നാലെ ഇറാന്‍ ഫുട്‌ബോള്‍ ടീമിനോട് യുഎസില്‍ നിന്നും അടിയന്തിരമായി രാജ്യംവിടാന്‍ ആവശ്യപ്പെട്ട് അധികൃതര്‍. കളി കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം രാജ്യം വിടാന്‍ ഇറാന്‍ ടീമിനോട് യുഎസ് അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. കളിക്കാര്‍ക്ക് കടുത്ത മത്സരത്തിന് ശേഷം വിശ്രമത്തിന് പോലും സമയം നല്‍കാതെയാണ് മെക്‌സിക്കോയിലെ തങ്ങളുടെ താല്‍ക്കാലിക പരിശീലന ക്യാമ്പിലേക്ക് മടങ്ങാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയതെന്ന് ഇറാന്റെ മുഖ്യ പരിശീലകന്‍ അമീര്‍ ഖാലെനോയി വെളിപ്പെടുത്തി.
യുഎസിന്റെ ഈ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച കോച്ച്, ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെടുന്ന ടീം തങ്ങളുടേതാണെന്ന് ആരോപിച്ചു. മത്സരത്തിന് ശേഷം കാലിഫോര്‍ണിയയില്‍ തങ്ങി അടുത്ത ദിവസം ഉച്ചയോടെ മെക്‌സിക്കോയിലേക്ക് മടങ്ങാനായിരുന്നു ഇറാന്‍ ടീം നിശ്ചയിച്ചിരുന്നത്. എന്നാല്‍ കളി കഴിഞ്ഞയുടന്‍ 140 മൈല്‍ അകലെയുള്ള മെക്‌സിക്കന്‍ അതിര്‍ത്തി നഗരമായ തിഹുവാനയിലേക്ക് മടങ്ങാന്‍ അധികൃതര്‍ നിര്‍ദേശിക്കുകയായിരുന്നു.
ഇതിനെതിരെ ആണ് പരിശീലകന്‍ അമീര്‍ ഖാലെനോയി രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. ഞങ്ങള്‍ക്ക് വിശ്രമിക്കാന്‍ പോലും അവര്‍ സമയം തന്നില്ല. കളി കഴിഞ്ഞയുടന്‍ ‘നിങ്ങള്‍ ഉടന്‍ തന്നെ രാജ്യം വിടണം’ എന്നാണ് അവര്‍ പറഞ്ഞത്. കളിക്കാര്‍ക്ക് മത്സരത്തിന് ശേഷമുള്ള റിക്കവറി സമയം വളരെ പ്രധാനമാണ്. എന്നാല്‍ ഞങ്ങളോട് ഉടന്‍ തന്നെ വിമാനത്തില്‍ കയറി തിഹുവാനയിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടിരിക്കുന്നു. ഞങ്ങള്‍ ഇത് കാരണം കടുത്ത പ്രതിസന്ധിയിലാണ്. എന്തുകൊണ്ടാണ് അവര്‍ ഞങ്ങളെ ഇങ്ങനെ മടക്കി അയക്കുന്നതെന്ന് സത്യസന്ധമായി പറഞ്ഞാല്‍ അറിയില്ല. ഇത്തവണത്തെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെടുന്നതും വേട്ടയാടപ്പെടുന്നതുമായ ടീം ഒരുപക്ഷേ ഞങ്ങളായിരിക്കും. മറ്റാരോ ആണ് ഞങ്ങള്‍ക്ക് വേണ്ടിയുള്ള കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നത് പോലെ തോന്നുന്നുവെന്ന് ഇറാന്‍ പരിശീലകന്‍ പറഞ്ഞു.




