ന്യൂസിലന്‍ഡിനെതിരെയുള്ള മത്സരത്തിനിടെയായിരുന്നു നാടകീയ രംഗങ്ങള്‍. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വേദിയായി ലോസ് ആഞ്ചലസിലെ സോഫി സ്റ്റേഡിയം.
കാലിഫോര്‍ണിയ: ഫിഫ ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ ഇറാന്‍ സമനില പൊരുതി നേടിയതിന് പിന്നാലെ ഇറാന്‍ താരത്തിന്റെ ഗോളാഘോഷത്തെച്ചൊല്ലി വിവാദം. മത്സരത്തില്‍ രണ്ട് വട്ടം പിന്നിലായിട്ടും ഇറാന്‍ സമനില പിടിച്ചിരുന്നു. ഇതില്‍ രണ്ടാം പകുതിയില്‍ 2-1ന് പിന്നിലായപ്പോള്‍ ഇറാന്റെ രക്ഷകനായി നിര്‍ണായകമായ സമനില ഗോള്‍ നേടിയ മിഡ്ഫീല്‍ഡര്‍ മൊഹമ്മദ് മൊഹെബിയുടെ ഗോള്‍ ആഘോഷമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. ഗോളടിച്ചതിന് പിന്നാലെ താരം കൈകള്‍ കൊണ്ട് ‘തോക്കില്‍ നിന്ന് വെടിയുതിര്‍ക്കുന്ന’ രീതിയില്‍ ആഘോഷിക്കുകയായിരുന്നു. ഇതോടെ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ പെരുമാറിയ താരത്തെ ലോകകപ്പില്‍ നിന്ന് ഉടനടി വിലക്കണമെന്ന ആവശ്യവുമായി ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്.
കാലിഫോര്‍ണിയയിലെ സോഫി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഇറാന്‍ തോല്‍വി മുഖത്ത് നില്‍ക്കുമ്പോഴായിരുന്നു മൊഹെബിയുടെ തകര്‍പ്പന്‍ ഹെഡ്ഡര്‍ ഗോള്‍ പിറന്നത്. ഈ ഗോളോടെ ഇറാന്‍ സമനില (2-2) പിടിച്ചെടുത്തു. എന്നാല്‍ ഗോള്‍ നേടിയ ആവേശത്തില്‍ മൊഹെബി നടത്തിയ ‘ഗണ്‍ ഫയറിങ്’ ആഘോഷം സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. ഫിഫ താരത്തിനെതിരെ അടിയന്തരമായി കടുത്ത അച്ചടക്ക നടപടിയെടുക്കണമെന്നാണ് ഭൂരിഭാഗം ഫുട്‌ബോള്‍ പ്രേമികളുടെയും ആവശ്യം.
രാഷ്ട്രീയ കലുഷിതമായി ഗാലറി; ഫിഫ വിലക്കും കാറ്റില്‍പ്പറത്തി
മത്സരത്തിന് മുന്‍പ് തന്നെ കനത്ത രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഈ പോരാട്ടം അരങ്ങേറിയത്. ഫിഫയുടെയും പ്രാദേശിക അധികൃതരുടെയും നിരവധി കടുത്ത നിയന്ത്രണങ്ങള്‍ നിലവിലുണ്ടായിരുന്നിട്ടും കളിയിലുടനീളം രാഷ്ട്രീയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു കേട്ടു.




